സംസ്ഥാനത്ത് പ്രതിപക്ഷ നേതാക്കളുടെ ഫോണും മെയിലും ചോർത്തി ഇൻറലിജൻസ്
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി വിധികളെ കാറ്റിൽപറത്തി കോൺഗ്രസ് - ബി.ജെ.പി നേതാക്കളുടെയും ചില മുസ്ലിം സംഘടനകളുടെയും പ്രതിപക്ഷ പൊലീസ് സംഘടന നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺവിളികളും (സി.ഡി.ആർ) ഇ-മെയിലുകളും ഇൻറലിജൻസ് ചോർത്തുന്നു. പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച സർവർ വഴിയാണ് വിവരശേഖരണം. ഇതിനായി കമ്പ്യൂട്ടർ സാങ്കേതിക മേഖലയിൽ പരിജ്ഞാനമുള്ള 60ഓളം വിശ്വസ്തരെ താൽക്കാലികാടിസ്ഥാനത്തിൽ ഇൻറലിജൻസ് മേധാവിക്കുകീഴിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് സമ്പർക്ക പട്ടിക തയാറാക്കാനെന്ന പേരിൽ ആളുകളുടെ ഫോൺവിളി വിവരങ്ങൾ (സി.ഡി.ആർ) ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സർക്കുലർ വിവാദമായതിനെ തുടർന്നാണ് ഒരു രേഖയുമില്ലാതെ 60ഓളം പേരെ അതിരഹസ്യമായി വിവിധ സെക്ഷനുകളിലായി നിയോഗിച്ചത്. ശേഖരിക്കുന്ന വിവരങ്ങൾ ഇൻറലിജൻസ് മേധാവിക്ക് നേരിട്ട് കൈമാറാനാണ് നിർദേശം.
1885ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ടിലെ 5(2) പ്രകാരം പൊതുസുരക്ഷയും അടിയന്തരസ്ഥിതിയും മുൻനിർത്തി രാജ്യത്തിെൻറ പരമാധികാരം, അഖണ്ഡത, ആഭ്യന്തര, കുറ്റകൃത്യങ്ങൾ തടയൽ, മുതലായ കാര്യങ്ങൾ പരിഗണിച്ച് ഇ-മെയിൽ, ഫോൺ സംഭാഷണങ്ങൾ പൊലീസ് ചോർത്താറുണ്ട്. ഡി.ഐ.ജി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ ആഭ്യന്തര സെക്രട്ടറിക്ക് നൽകുന്ന അപേക്ഷയിൽ, ചീഫ് സെക്രട്ടറി നിയമ പൊതുഭരണ സെക്രട്ടറിമാരടങ്ങിയ സമിതി പരിശോധിച്ചശേഷമാണ് അനുമതി നൽകുക.
എന്നാൽ, അടിയന്തര സാഹചര്യം കാണിച്ച് ആദ്യം ഫോൺ ചോർത്തിയശേഷം പിന്നീട്, ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടുകയാണ് നിലവിലെ രീതി. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷനേതാവിെൻറ സ്റ്റാഫിൽപെട്ടവരുൾപ്പെടെ 41 പേരുടെ ഫോൺ രേഖകൾ ചോർത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള 'വിവരശേഖരണവും'.
നേരത്തേ സർക്കാറിനും പൊലീസിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തന്റെ ഫോൺ ചോർത്തുന്നെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. മുൻ ഡി.ജി.പി ടി.പി. സെൻകുമാറും ജേക്കബ് തോമസും സമാനപരാതി ഉന്നയിച്ചു. എന്നാൽ, ആരോപണങ്ങൾ മുഖ്യമന്ത്രിയും ഡി.ജി.പിയും നിഷേധിച്ചു.
സർക്കാറിനുവേണ്ടി എന്തും ചെയ്യാൻ തയാറായ ഉദ്യോഗസ്ഥർ പൊലീസ് തലപ്പത്ത് വന്നതോടെയാണ് ഫോൺ ചോർത്തൽ നടക്കുന്നതെന്നും തേന്റതടക്കം ഫോൺ രേഖകൾ ശേഖരിക്കുന്നുണ്ടെന്നും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിക്കുന്ന പട്ടികയിൽ എല്ലാം അംഗീകരിക്കാറില്ലെന്നും താനിരുന്ന കാലത്ത് പലതും തള്ളിയിരുന്നതായും മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.