കൊടുംകുറ്റവാളികളുള്ള വിയ്യൂര്‍, കണ്ണൂര്‍ ജയിലുകളിലടക്കം വൻ സുരക്ഷ വീഴ്ച; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാവീഴ്ച പതിവാകുന്ന സാഹചര്യത്തിൽ സുരക്ഷ കര്‍ശനമാക്കണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന വിയ്യൂര്‍, കണ്ണൂര്‍ ഉൾപ്പെടെ ജയിലുകളിലെ സുരക്ഷ വീഴ്ചയാണ് ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഡി.ജി.പി അനിൽ കാന്ത് ആഭ്യന്തരവകുപ്പിന് ശിപാർശ കൈമാറിയിട്ടുണ്ട്. ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായയുമായി കൂടിയാലോചിച്ച് വകുപ്പ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
അതിനിടെ ജയിൽ വകുപ്പിലെ ചില ഉന്നതർ തമ്മിലുള്ള തർക്കം ജയിലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് വകുപ്പ് വൃത്തങ്ങളും പറയുന്നു. ഉദ്യോഗസ്ഥരുടെ തർക്കം ജീവനക്കാർക്കിടയിലെ ചേരിപ്പോരിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതായും ആക്ഷേപമുണ്ട്. തടവുകാരുടെ മൊബൈല്‍ഫോണ്‍, ലഹരി ഉപയോഗം ഉള്‍പ്പെടെ വീഴ്ചകളാണ് ഇന്റലിജന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ചില ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. കാപ്പ കേസുകളിലെ സ്ഥിരം ക്രിമിനലുകള്‍ക്ക് ചില ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവുകാര്‍ക്ക് ലഹരി എത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ജയില്‍ ജീവനക്കാരെ ഉൾപ്പെടെ നിരീക്ഷിക്കണം. പൊലീസിലേത് പോലെ ജയില്‍ ഉദ്യോഗസ്ഥരിലെ കുഴപ്പക്കാരെ കണ്ടെത്താനും ആഭ്യന്തര നിരീക്ഷണ സംവിധാനം കര്‍ശനമാക്കണം. ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം- റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.