അന്തർജില്ല സ്ഥലംമാറ്റം: ക്വോട്ട പുനഃസ്ഥാപിക്കുന്നതും കാത്ത് അധ്യാപകർ
text_fieldsകോഴിക്കോട്: അനേകകാലത്തെ മറ്റു ജില്ല വാസത്തിനുശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്താമെന്ന സർക്കാർ അധ്യാപകരുടെ പ്രതീക്ഷക്ക് തിരിച്ചടിയായ അന്തർജില്ല സ്ഥലംമാറ്റത്തിലെ ക്വോട്ട വെട്ടിക്കുറച്ച നടപടിയിൽ ഇനിയും തിരുത്തലായില്ല. എല്ലാവർഷവും നടക്കുന്ന സ്ഥലംമാറ്റത്തിൽ കേഡർ സ്ട്രെങ്ത്തിന്റെ 30 ശതമാനമായിരുന്നു അന്തർജില്ല സ്ഥലംമാറ്റത്തിന് അനുവദിച്ചിരുന്നത്. എന്നാൽ, 2021 മുതൽ ഈ ക്വോട്ട ഇല്ലാതാവുകയും പകരം വാർഷിക ഒഴിവുകളുടെ 10 ശതമാനം മാത്രം അന്തർജില്ല സ്ഥലംമാറ്റത്തിന് അനുവദിക്കുകയുമായിരുന്നു.
മറ്റ് ജില്ലകളിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചു വർഷത്തിനുശേഷം സ്വന്തം ജില്ലയിലേക്ക് മാറ്റത്തിന് അപേക്ഷിക്കാം. ഇതനുസരിച്ച് സീനിയോറിറ്റിയില്ലാതെ മാറ്റം അനുവദിക്കുമായിരുന്നു. കേഡർ സ്ട്രെങ്ത്തിന്റെ 30 ശതമനാം ക്വോട്ട ഇല്ലാതായപ്പോൾ സ്വന്തം നാട്ടിലേക്ക് മടക്കം കാത്ത് 10ഉം 15ഉം വർഷം മറ്റു ജില്ലകളിൽ ജോലിചെയ്ത സർക്കാർ അധ്യാപകർക്കാണ് തിരിച്ചടിയായത്.
ഇവരിൽ ഏറെയും വനിതകളുമാണ്. നിയമനം ലഭിച്ച ജില്ലയിൽ 20 വർഷം തുടർന്നാൽ പ്രധാനാധ്യാപകനാവാം എന്ന ഏക പ്രമോഷൻ അവസരമേ അധ്യാപകർക്കുള്ളൂ. ഈ കാലയളവിനു ശേഷം സ്വന്തം ജില്ലയിലേക്ക് മടങ്ങാനുള്ള ഇവരുടെ കാത്തിരിപ്പിനും ക്വോട്ട പുനഃസ്ഥാപിക്കാത്തത് തിരിച്ചടിയാണ്.
വയനാട്, മലപ്പുറം, കാസർകോട് പോലുള്ള ജില്ലകളിലാണ് മറ്റ് ജില്ലകളിലെ അധ്യാപകർ കൂടുതലുള്ളത്. ഇവർക്ക് 30 ശതമാനം ക്വോട്ട അനുസരിച്ച് അന്തർജില്ല സ്ഥലംമാറ്റം അനുവദിക്കുകയാണെങ്കിൽ അതത് ജില്ലകളിൽ നിരവധി ഒഴിവുകൾ ഉണ്ടാകും. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ ജില്ലകളിൽനിന്നുതന്നെയുള്ള നിരവധി ഉദ്യോഗാർഥികൾ പി.എസ്.സി പട്ടികയിൽ അവസരം കാത്തിരിപ്പുണ്ട്. 30 ശതമാനം അന്തർജില്ല സ്ഥലംമാറ്റം പുനഃസ്ഥാപിച്ചാല് 100ല് അധികം ഒഴിവുകളാണ് മിക്ക ജില്ലകളിലും ഉണ്ടാവുകയെന്ന് അധ്യാപകസംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.ക്വോട്ട പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിരന്തരമായി ഇവർ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലംകണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.