അന്തർസംസ്ഥാന നദീജല തർക്കം ‘തർക്കത്തിലേക്ക്’
text_fieldsപത്തനംതിട്ട: സങ്കീർണമായ അന്തർസംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ പരിഗണനക്ക് എത്താനിരിക്കെ, സംസ്ഥാനത്ത് ആശയക്കുഴപ്പം. മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പായതിനാൽ ജലവിഭവ മന്ത്രാലയം കാര്യമായ താൽപര്യം കാട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. ഇതേസമയം, അന്തർസംസ്ഥാന നദീജല വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
ഡൽഹിയിലെ കാവേരി സെൽ നിർത്തലാക്കിയതിനു പിന്നാലെ മുല്ലപ്പെരിയാർ സെൽ ചെയർമാൻ എം.കെ. പരമേശ്വരൻ നായരും സ്ഥാനം ഒഴിഞ്ഞു. ഇദ്ദേഹത്തിെൻറ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ച ശേഷം പുതുക്കി നൽകിയിരുന്നില്ല. എങ്കിലും ഇദ്ദേഹമാണ് അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ സംബന്ധിച്ചിരുന്നത്. എന്നാൽ, അന്തർസംസ്ഥാന നദീജല ഉപദേശക സമിതി പുനഃസംഘടിപ്പിച്ചപ്പോൾ ഒഴിവാക്കപ്പെട്ടതാണ് രാജിക്കത്ത് നൽകാൻ നിലവിൽ ചെയർമാനായിരുന്ന പരമേശ്വരൻ നായരെ പ്രേരിപ്പിച്ചതെന്നറിയുന്നു.
മുൻ ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി വി.ജെ. കുര്യൻ അധ്യക്ഷനായാണ് സമിതി പുനഃസംഘടിപ്പിച്ചത്. ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളിൽനിന്ന് വിരമിച്ച സി.പി.എം സർവിസ് സംഘടന പ്രതിനിധികളാണ് സമിതിയിൽ ഏറെയുമെന്നും പറയുന്നു. ഇതിൽ ഭൂരിഭാഗവും അന്തർസംസ്ഥാന നദീജല വിഷയം കൈകാര്യം ചെയ്യാത്തവരുമാണ്. ഇത് പരിശോധിക്കണമെന്നും പരമേശ്വരൻ നായർ ആവശ്യപ്പെട്ടതായി അറിയുന്നു. കവേരി സെൽ, മുല്ലപ്പെരിയാർ സെൽ എന്നിവയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ട ഉപദേശക സമിതിയുടെ കീഴിലേക്ക് കൊണ്ടുവരാനാണ് ആലോചന.
കാവേരി കേസ് ജൂലൈയിൽ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുകയാണ്. പറമ്പിക്കുളം- ആളിയാർ പദ്ധതി കരാർ, മുല്ലപ്പെരിയാർ, നെയ്യാർ എന്നിവയും സുപ്രീംകോടതിയിലാണ്. നെയ്യാർ അന്തർസംസ്ഥാന നദിയാണെന്ന വാദം ഉയർത്തിയാണ് തമിഴ്നാട് വെള്ളം ആവശ്യപ്പെടുന്നത്.
മുൻകാലങ്ങളിൽ അന്തർസംസ്ഥാന നദീജല വിഷയം മുഖ്യമന്ത്രിയുടെ വിഷയമായിരുന്നെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ജലവിഭവ മന്ത്രിയായിരുന്നു. എന്നാൽ, ഇത്തവണ ജലവിഭവ മന്ത്രി അന്തർസംസ്ഥാന വിഷയങ്ങളിൽ അഭിപ്രായംപോലും പറയാതെ മാറിനിൽക്കുകയാണ്. ഇതും സാരമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.