അന്തർ സംസ്ഥാന നദീജല കരാറുകളിലെ സാമ്പത്തികനഷ്ടം ഒാഡിറ്റ് ചെയ്യും
text_fieldsപത്തനംതിട്ട: കേരളവും തമിഴ്നാടും തമ്മിലെ അന്തർ സംസ്ഥാന നദീജലകരാറുകളിലെ വ്യവസ്ഥകൾ പാലിക്കാത്തതുമൂലം കേരളത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് പഠനം നടത്താൻ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ തീരുമാനം. അക്കൗണ്ടൻറ് ജനറലായിരിക്കും ഒാഡിറ്റ് നടത്തുക.
അന്തർ സംസ്ഥാന നദീജലകരാറുകൾ സംബന്ധിച്ച് നിയമസഭയുടെ അഡ്ഹോക് കമ്മിറ്റിയും സബ്ജക്ട് കമ്മിറ്റിയടക്കമുള്ള നിയമസഭ കമ്മിറ്റികളും പഠനം നടത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികനഷ്ടം സംബന്ധിച്ച് പരിശോധന നടത്തുന്നത് ഇതാദ്യമാണ്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇക്കാര്യം ചർച്ചചെയ്െതങ്കിലും സെപ്റ്റംബറിനു ശേഷം ദൗത്യം ഏറ്റെടുക്കാമെന്ന് അക്കൗണ്ടൻറ് ജനറൽ അറിയിച്ചതായാണ് വിവരം. അടുത്ത സാമ്പത്തികവർഷത്തെ ഒാഡിറ്റ് ചുമതലകൾ സെപ്റ്റംബറിന് ശേഷമായിരിക്കും ഏറ്റെടുക്കുക.
മുല്ലപ്പെരിയാർ അണക്കെട്ട് ഉൾപ്പെടുന്ന പെരിയാർ പാട്ടക്കരാർ, ഭാരതപ്പുഴ, പെരിയാർ, ചാലക്കുടിപ്പുഴ എന്നീ നദീതടങ്ങളിലെ ജലം പങ്കിടുന്ന പറമ്പിക്കുളം-ആളിയാർ (പി.എ.പി), ശിരുവാണി എന്നിവയാണ് അന്തർ സംസ്ഥാന നദീജലകരാറുകൾ. മുല്ലപ്പെരിയാർ അണക്കെട്ട് കവിഞ്ഞൊഴുകുന്ന വെള്ളം ഇടുക്കി അണക്കെട്ടിലാണ് എത്തേണ്ടത്. എന്നാൽ, മുല്ലപ്പെരിയാർ കവിഞ്ഞൊഴുകാൻ തമിഴ്നാട് അനുവദിക്കാറില്ല. തമിഴ്നാടിലെ വൈഗ അണക്കെട്ടിൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് മുല്ലപ്പെരിയാർ കവിഞ്ഞൊഴുകിയിരുന്നത്. ഇതിലൂടെ വൈദ്യുതി ഉൽപാദനത്തിൽ കോടികളുടെ നഷ്മാണ് കേരളത്തിനുണ്ടായത്. ഇതിനുപുറമെ യഥാസമയം, കരാർ പുനരവേലോകനം ചെയ്യാതിരുന്നതുമൂലമുണ്ടായ നഷ്ടം വേറെയും.
പാലക്കാട് ജില്ലയിലെ നെൽകൃഷിയുടെ നിലനിൽപ് പി.എ.പി കരാറാണ്. ചാലക്കുടിപ്പുഴയിലെ പെരിങ്ങൽകുത്ത്, ഷോളയാർ വൈദ്യുതി പദ്ധതികളും ഇൗ കരാറിെൻറ ഭാഗം. കരാർ പ്രകാരം ചിറ്റൂർ പുഴയിലേക്ക് തമിഴ്നാട് വെള്ളം തുറന്നുവിടാത്തത് പാലക്കാടിെൻറ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കാറുണ്ട്. കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടകുന്നത്. കരാർ പ്രകാരം ചാലക്കുടിപ്പുഴയിലേക്ക് ഒാരോ വർഷം 12.3 ടി.എം.സി അടി വെള്ളം തരണം.
കേരള ഷോളയാർ അണക്കെട്ട് സെപ്റ്റംബർ ഒന്നിനും ഫെബ്രുവരി ഒന്നിനും നിറക്കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും പല വർഷങ്ങളിലും പാലിക്കാറില്ല. പിന്നീട് മഴ ശക്തമാകുേമ്പാൾ കുടിശ്ശികയെന്നപേരിൽ തരുന്ന വെള്ളം ഉപയോഗിക്കാനും കഴിയില്ല. വൈദ്യുതി ബോർഡിന് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്. 1988ൽ പുനരവലോകനം ചെയ്യേണ്ടതായിരുന്നു കരാർ.
ശിരുവാണി കരാർ പ്രകാരം 1.3 ടി.എം.സി അടി വെള്ളം സൗജന്യമായാണ് കോയമ്പത്തൂർക്ക് കുടിവെള്ളമായി നൽകുന്നത്. ശിരുവാണി അണക്കെട്ട് നിർമിക്കാൻ ആവശ്യമായിവന്ന ഭൂമിയുടെ പാട്ടത്തുക മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. 20 വർഷത്തിലൊരിക്കൽ കരാർ പുതുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നടപടിയില്ല.കാവേരി ട്രൈബ്യൂണൽ അവാർഡ് പ്രകാരം പാമ്പാർ, ഭവാനി, കബനി നദീതടത്തിൽ കേരളത്തിന് വെള്ളം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗിച്ചുതുടങ്ങിയില്ല. വൈദ്യുതി, ജലസേചന ആവശ്യങ്ങൾക്കാണ് വെള്ളം അനുവദിച്ചത്. ഇക്കാര്യങ്ങൾ ഒാഡിറ്റ് ചെയ്യുമെന്നാണ് അറിയുന്നത്. ഒരു പേക്ഷ, ഇത്തരമൊരു ഒാഡിറ്റ് രാജ്യത്തുതന്നെ ഇതാദ്യമായിരിക്കും. വി.ഡി. സതീശനാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.