ഇതര സംസ്ഥാന രജിസ്ട്രേഷൻ: വാഹനങ്ങളുടെ നികുതി നിയമഭേദഗതി ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: പുതുച്ചേരിയടക്കം ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 30 ദിവസത്ത ിൽ കൂടുതൽ കേരളത്തിൽ ഉപയോഗിച്ചാൽ ആജീവനാന്ത നികുതിയുടെ നിശ്ചിത ശതമാനം അടക്കണമെന്ന നിയമഭേദഗതി ഹൈകോടതി ശരിവെച്ചു. ആജീവനാന്ത നികുതിയുടെ 15 ൽ ഒരു വിഹിതം നികുതിയായി അടക്കണമെന്ന മോട്ടോർ വാഹന നിയമത്തിലെ 3(6) യിൽ 2018ൽ വരുത്തിയ ഭേദഗതിയാണ് സിംഗിൾ ബെഞ്ച് ശരിവെച്ചത്. പുതുച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തശേഷം കേരളത്തിൽ ഉപയോഗിക്കുന്നത് നികുതി വെട്ടിപ്പാണെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ വാഹന ഉടമകൾ നൽകിയ 88 ഹരജികളിലാണ് സിംഗിൾ ബെഞ്ച് വിധി. നിയമഭേദഗതിയെയും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു.
ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ തുടർച്ചയായി ഉപയോഗിക്കണമെങ്കിൽ 15 വർഷത്തെ നികുതി ഒറ്റത്തവണയായി (ആജീവനാന്ത നികുതി) അടക്കാനും രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം അറിയിക്കാനും വാഹനമുടമകൾക്ക് ആർ.ടി.ഒ മാർ നോട്ടീസ് നൽകിയിരുന്നു. ഇത് സ്വാഭാവിക നീതിയുടെ നിഷേധവും സ്വേച്ഛാപരവുമാണെന്ന് വിലയിരുത്തി ഹൈകോടതി നോട്ടീസുകൾ റദ്ദാക്കി. ഇത്തരം കേസുകളിൽ വാഹനം തുടർച്ചയായി 30 ദിവസത്തിലേറെ കേരളത്തിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് വാഹനമുടമകൾ നാലാഴ്ചക്കകം അധികൃതരെ ബോധിപ്പിക്കണം.
തുടർന്ന് ആർ.ടി.ഒ അധികൃതർ ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യണമെന്നോ 15 വർഷത്തെ നികുതി ഒറ്റത്തവണയായി (ആജീവനാന്ത നികുതി) അടക്കണമെന്നോ നിർബന്ധിക്കരുത്, തിരിച്ചറിയൽ കാർഡുകളിലെ വിലാസം നോക്കി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൽകി. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഇവിടുത്തെ അധികൃതർക്ക് കഴിയില്ല.
വ്യാജരേഖ ചമക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയവയിലെ അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന രജിസ്ട്രേഷൻ വിഭാഗത്തിന് കൈമാറാം. നടപടിയെടുക്കുന്നതിനുമുമ്പ് വാഹനമുടമകളെ കേൾക്കണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.