യുവാവ് ഇതര സമുദായക്കാരിയെ വിവാഹം ചെയ്തു; ഉൗരുവിലക്ക് ഭയന്ന് കുടുംബം ജീവനൊടുക്കി
text_fieldsഅടിമാലി: ഇതര സമുദായത്തിലെ പെണ്‍കുട്ടിയെ യുവാവ് വിവാഹം കഴിച്ചതിൽ മനംനൊന്ത് നാടുവിട്ട മാതാപിതാക്കളും സഹോദരിയും തമിഴ്നാട്ടില്‍ ജീവനൊടുക്കിയ നിലയില്‍. മറയൂര്‍ കീഴാന്തൂരില്‍ താമസിക്കുന്ന മുരുകന് (50), ഭാര്യ മുത്തുലക്ഷ്മി (46), മകള്‍ ഭാനുപ്രിയ (22) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടില്‍ ഉദുമലൈ റെയില്‍വേ ട്രാക്കിനു സമീപം കുറ്റിക്കാട്ടിൽ ഇവരെ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി.
മുത്തുലക്ഷ്മിയുടെയും ഭാനുപ്രിയയുടെയും മൃതദേഹങ്ങള്‍ അടുത്തടുത്തും മുരുകേൻറത് 50 മീറ്റര്‍ മാറിയുമാണ് കിടന്നിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇവരുടെ മകന് പാണ്ടിരാജ് (25) തമിഴ്നാട് സ്വദേശിനിയായ പവിത്രയെ വിവാഹം കഴിച്ചു നാടുവിട്ടിരുന്നു. മകനെ കണ്ടെത്താനും വിവാഹത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാനും മുരുകനും ഭാര്യയും തമിഴ്നാട്ടിലെത്തിയെങ്കിലും പാണ്ടിരാജിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ തമിഴ്നാട് ഉദുമല്‍പേട്ടയില്‍ ഡിഗ്രിക്ക് പഠിക്കുന്ന മകൾ ഭാനുപ്രിയയെ കോളജില്‍നിന്ന് വിളിച്ചുകൊണ്ടുവന്ന് ജീവനൊടുക്കിയെന്നാണ് സൂചന.
തിങ്കളാഴ്ച ഇളയ സഹോദരന് അയ്യപ്പനെ ഫോണില്‍ വിളിച്ച മുരുകന്, മകന് ഇതര സമുദായക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിവരം അറിയിച്ചു. തങ്ങൾ ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് മറയൂര്‍ പൊലീസ് സ്റ്റേഷനിലെത്തി അയ്യപ്പന് പരാതി നല്കി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇവരെത്തേടി ചൊവ്വാഴ്ച ഉദുമല്‍പേട്ടയിലേക്ക് പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് മരണവിവരം അറിയിക്കുന്നത്.
ഉടൻ ഉദുമൽപേട്ടയിലേക്ക് തിരിച്ച കേരള പൊലീസ് തിരിച്ചെത്തിയാലെ കൂടുതല്‍ വിവരം ലഭ്യമാകൂ. ജാതിയിലെ ഉച്ച-നീചത്വം നിലനില്‍ക്കുന്ന കീഴാന്തൂരില്‍ ഇത്തരം വിവാഹങ്ങള്‍ നടന്നാല്‍ ഊരുവിലക്കുന്ന പതിവുണ്ട്. ഇത് ഭയന്നാണ് മുരുകനും കുടുംബവും ജീവനൊടുക്കാന്‍ കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പാണ്ടിരാജിനെ വിവാഹബന്ധം വേര്‍പ്പെടുത്തി കൊണ്ടുവരാന്‍ മുരുകന് പരമാവധി ശ്രമിച്ചിരുന്നു. ഇത് വിജയിച്ചില്ല. പാണ്ടിരാജിനെക്കുറിച്ച് െപാലീസിന് വിവരം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.