Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപലിശരഹിത വായ്​പ:...

പലിശരഹിത വായ്​പ: പ്രവാസികൾക്കായി തൊഴിൽ സംരംഭകത്വ സഹായ പദ്ധതികൾക്ക്​ തുടക്കം

text_fields
bookmark_border
expats scheme
cancel
camera_alt

തൊഴിൽ സംരംഭകത്വ സഹായ പദ്ധതിയുടെ ഉദ്​ഘാടന ചടങ്ങ്​

തിരുവനന്തപുരം: പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ യഥാസമയം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും നാട്ടിൽ എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്‌കരിച്ച നോർക്ക-പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എതാണ്ട് 15 ലക്ഷത്തോളം പേരാണ് കോവിഡ് കാലത്ത് തിരിച്ചെത്തിയത്. ഇതിൽ വളരെയധികം പേർ ലോക്ഡൗൺ സൃഷ്ടിച്ച തൊഴിൽ നഷ്ടത്തിന്‍റെ ഇരകളുമാണ്. ജീവിതത്തിന്‍റെ നല്ലൊരുകാലം നമ്മുടെ നാടിന്‍റെ സമ്പദ്​വ്യവസ്ഥ നിലനിർത്താൻ പ്രയത്‌നിച്ചവരാണിവർ. ഇവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നതിനാലാണ് അവർക്കായി പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി ആരംഭിച്ച ഘട്ടംമുതൽ തന്നെ നോർക്കാ റൂട്ട്‌സിൽ കോവിഡ് റെസ്‌പോൺസ് സെൽ ആരംഭിച്ചിരുന്നു. അതുവഴി പ്രവാസി മലയാളികളുടെ ആശങ്കകൾ വലിയൊരളവോളം പരിഹരിക്കാനായി. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളുമായും പ്രവാസി സംഘടനാ നേതാക്കളുമായും ബന്ധപ്പെട്ട്, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധപുലർത്തി. 16 രാജ്യങ്ങളിൽ കോവിഡ് ഹെൽപ്പ്‌ഡെസ്‌ക് ആരംഭിച്ചു. പ്രവാസികൾക്ക് നാട്ടിലെ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തി.

ലോക്ഡൗൺ മൂലം തൊഴിലിടങ്ങളിലേക്കു തിരിച്ചുപോകാൻ സാധിക്കാതെ വന്നവർക്ക് അടിയന്തര ധനസഹായമായി 5000 രൂപ വീതം അനുവദിച്ചു. അത്​ വലിയ തുകയല്ലെങ്കിലും സർക്കാറിന്‍റെ കരുതലിന്‍റെ സൂചന അതിലുണ്ട്. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തിലധികം പേർക്കാണ് ഈ സഹായം ലഭിച്ചത്. 64.3 കോടി രൂപ ഇതിനായി വിനിയോഗിച്ചു.

പ്രവാസി ക്ഷേമനിധിക്ക് ഒമ്പത്​ കോടി രൂപ വകയിരുത്തി. അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്‌കീമുകളിൽ പ്രവാസികൾക്ക് മുൻഗണന നൽകാനും തീരുമാനിച്ചു.

പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കകായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

ഇതിൽ നിന്നുള്ള തുക ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന മൂന്ന് തൊഴിൽ സംരംഭകത്വ പദ്ധതികൾക്കാണ് തുടക്കമാകുന്നത്. നാനോ എന്‍റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത - പേൾ), മൈക്രോ എന്റർപ്രൈസ് അസിസ്റ്റൻസ് സ്‌കീം (പ്രവാസി ഭദ്രത - മൈക്രോ), കെ.എസ്.ഐ.ഡി.സി മുഖേന നടപ്പാക്കുന്ന സ്‌പെഷൽ അസിസ്റ്റൻസ് സ്‌കീം (പ്രവാസിഭദ്രത - മെഗാ) എന്നിവയാണവ.

അവിദഗ്​ധ തൊഴിൽമേഖലകളിൽ നിന്നുള്ളവരും കുറഞ്ഞ വരുമാന പരിധിയുള്ളവരുമായ പ്രവാസി മലയാളികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകളും പിന്തുണാ സഹായങ്ങളും ലഭ്യമാക്കാനാണ് പ്രവാസി ഭദ്രത-നാനോ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാൻ രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. ഇതിനായി 30 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

കേരളാ ബാങ്ക് ഉൾപ്പെടെയുള്ള വിവിധ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി സഹകരണ സംഘങ്ങൾ, ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയവ വഴി സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത-മൈക്രോ. ഇതുവഴി അഞ്ച് ലക്ഷം രൂപാ വരെ വായ്പ ലഭിക്കും. മാത്രമല്ല, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ഉണ്ടാകും. പദ്ധതിവിഹിതമായി 10 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

കെ.എസ്.ഐ.ഡി.സി മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ ധനസഹായ പദ്ധതിയാണ് പ്രവാസി ഭദ്രത-മെഗാ. 25 ലക്ഷം രൂപ മുതൽ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ പലിശ സബ്‌സിഡിയോടെ ഈ പദ്ധതി വഴി ലഭ്യമാകും. 8.25 ശതമാനം മുതൽ 8.75 ശതമാനം വരെ പലിശ ഈടാക്കുന്ന വായ്പകളിൽ ഗുണഭോക്താക്കൾ അഞ്ച് ശതമാനം മാത്രം നൽകിയാൽ മതിയാകും. ഗുണഭോക്താക്കൾക്കുളള പലിശ സബ്‌സിഡി ത്രൈ മാസക്കാലയളവിൽ നോർക്കാ റൂട്ട്‌സ് വഴി വിതരണം ചെയ്യും. ഒമ്പത് കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്.

ഈ പദ്ധതികൾ ശരിയാംവിധം ഉപയോഗപ്പെടുത്താൻ പ്രവാസികൾ തയാറാവണമെന്നും സംശയങ്ങൾ തീർക്കാനും പദ്ധതിയിൽ ചേരുന്നതിന്​ പിന്തുണ ഒരുക്കാനും നോർക്കാ റൂട്ട്‌സ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറി. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റെസിഡന്‍റ്​ വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EntrepreneurshipExpatriates
News Summary - Interest Free Loans: Launch of Entrepreneurship Assistance Schemes for Expatriates
Next Story