പലിശരഹിത മൈക്രോ ഫിനാൻസ് സംവിധാനം വ്യാപകമാക്കണം -മന്ത്രി
text_fieldsതിരുവനന്തപുരം: ബാങ്കുകൾ സമ്പന്നരുടെ കേന്ദ്രമായെന്നും അവരുടെ വൻകിട വായ്പകൾ എഴുതിത്തള്ളുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്നും മന്ത്രി ആന്റണി രാജു. ഇൻഫാഖ് സസ്‌റ്റെയ്‌നബിൾ ഡെവലപ്മെന്റ് സൊസൈറ്റിയുടെ കീഴിലെ സംഗമം പലിശരഹിത അയൽക്കൂട്ടായ്മകളുടെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ വായ്പകളെടുക്കുന്നവരെ കാത്തിരിക്കുന്നത് ജപ്തിയാണ്. ജീവിതസ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ് മിക്കവരും ബാങ്ക് വായ്പയെടുക്കുന്നത്. എന്നാൽ, അവരെ ചൂഷണം ചെയ്യുന്നതരത്തിലാണ് പലിശനിരക്ക്. കെ.എസ്.ആർ.ടി.സിയുടെ 3100 കോടി രൂപയുടെ വായ്പയിൽ 1500 കോടി അടച്ചിട്ടും 3100 കോടി രൂപ ബാക്കിയാണ്. ഈ സാഹചര്യത്തിൽ, ലക്ഷക്കണക്കിനാളുകളെ സഹായിച്ച ഇൻഫാഖ് സമൂഹത്തിന് മാതൃകയാണെന്നും പലിശരഹിത മൈക്രോ ഫിനാൻസ് സംവിധാനം വ്യാപകമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം. വിൻസന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഇൻഫാഖിന് കീഴിൽ 10 വർഷം പ്രവർത്തനം പൂർത്തിയാക്കിയ 23 പ്രാദേശിക എൻ.ജി.ഒകളെ ചടങ്ങിൽ ആദരിച്ചു. ഇൻഫാഖ് ചെയർമാൻ ഡോ. മുഹമ്മദ് പാലത്ത് അധ്യക്ഷതവഹിച്ചു. വട്ടിപ്പലിശക്കാരെ ഗ്രാമങ്ങളിൽനിന്ന് ഒഴിവാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നെന്നും അയൽകൂട്ടായ്മകളെ ബ്രാൻഡാക്കി ഉയർത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റ് കെ.എ. ഷഫീക്ക് അനുമോദന പ്രഭാഷണം നടത്തി. പലിശ രഹിത വായ്പാ സംവിധാനങ്ങൾ സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, യുവസംരംഭകയും ഐറാ ലൂം സ്ഥാപകയുമായ ഹർഷ പുതുശ്ശേരി, ജമാഅത്തെ ഇസ്ലാമി മേഖല നാസിം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ജില്ല ജനറൽ സെക്രട്ടറി സക്കീർ നേമം, വനിത വിഭാഗം ജില്ല പ്രസിഡന്റ് ഡോ. നസീമബീവി എന്നിവർ സംസാരിച്ചു.
ഇൻഫാഖ് ജനറൽ സെക്രട്ടറി സി.പി. ഹബീബുറഹ്മാൻ സമാപന പ്രസംഗം നടത്തി. വൈസ് ചെയർമാൻ ടി.കെ. ഹുസൈൻ സ്വാഗതവും പ്രോഗ്രാം കൺവീനർ നസീർ ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.