പലിശരഹിത മൈക്രോ ഫിനാൻസ് പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരം വളർത്തുന്നു - ടി. ആരിഫലി
text_fieldsമലപ്പുറം: പലിശ രഹിത മൈക്രോ ഫിനാൻസ് സംവിധാനം പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരമാണ് രാജ്യത്ത് വളർത്തുന്നതെന്ന് സഹൂലത്ത് മൈക്രോ ഫിനാൻസ് സൊസൈറ്റി ദേശീയ പ്രസിഡന്റ് ടി.ആരിഫലി അഭിപ്രായപ്പെട്ടു.
'പലിശരഹിത മൈക്രോഫൈനാൻസും സുസ്ഥിര വികസനവും' എന്ന വിഷയത്തിൽ ഇൻഫാക്ക് സസ്റ്റൈനബിൾ ഡെവലപ്മെൻറ് സൊസൈറ്റിയും സാഫി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വാഴയൂർ സാഫി ക്യാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ സാമ്പത്തിക സുസ്ഥിരതക്ക് സഹായിക്കുന്നതോടൊപ്പം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ സാമൂഹിക മാറ്റത്തിന് കാരണമാകുന്നുണ്ട്. രാജ്യത്തെ ജന വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വികസനത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരന് സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള തുല്യ അവകാശവും അതുവഴി സമൃദ്ധിയും കൈ വരുത്താൻ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ടെന്ന് അധ്യക്ഷത വഹിച്ച പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം എ മജീദ് അഭിപ്രായപ്പെട്ടു സ്വയം സഹായ സംഘങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുന്നതിന് ഇൻഫാഖ് മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാഫി ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ സെക്രട്ടറി എം എ മെഹബൂബ് , ഡയറക്ടർ കേണൽ നിസാർ, പ്രിൻസിപ്പൽ പ്രൊഫ ഇ.പി. ഇമ്പിച്ചിക്കോയ, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് കാമിൽ, ബൈത്തുസക്കാത്ത് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പീപ്പിൾസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അയ്യൂബ് തിരൂർ, ഇൻഫാഖ് ചെയർമാൻ ഡോ. മുഹമ്മദ് പാലത്ത്, ജനറൽ സെക്രട്ടറി സി.പി. ഹബീബ് റഹ്മാൻ, വൈസ് ചെയർമാൻ ടി കെ ഹുസൈൻ, സാഫി പ്രോഗ്രാം കോഡിനേറ്റർ ഡോ. ഷബീർഖാൻ എന്നിവർ സമാപന സെഷനിൽ പങ്കെടുത്തു.
ഇന്ത്യൻ സെന്റർ ഫോർ ഇസ്ലാമിക് ഫിനാൻസ് ജനറൽ സെക്രട്ടറി എച്ച്.അബ്ദുറഖീബ്, ബീഹാറിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.എ ഫൈസി, ഇസ്‌ലാമിക് മൈക്രോ ഫൈനാൻസ് വിദഗ്ധൻ ഡോ.ഷാരിഖ് നിസാർ, മുംബൈ ടാറ്റ ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡോ. ഇർഷാദ് തുടങ്ങിയ മൈക്രോ ഫിനാൻസ് രംഗത്തെയും പലിശരഹിത സാമ്പത്തിക മേഖലയിലെയും വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു .
വിവിധ സെഷനുകളിലായി 60 ഗവേഷണ പ്രബന്ധങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൈക്രോ ഫൈനാൻസ് സ്ഥാപനങ്ങൾ, എൻ.ജി.ഒ. കൾ, ഗവേഷകർ, വിദ്യാർഥി കൾ തുടങ്ങി 400 പേർ ദേശീയ സെമിനാറിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.