പലിശ രഹിത സംവിധാനത്തിന് ബോധവത്കരണം വേണം -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsവാഴയൂർ: പലിശരഹിത സാമ്പത്തിക സംവിധാനത്തിന്റെ പ്രാധാന്യവും പ്രയോജനങ്ങളും സംബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്കിടയിൽ ശക്തവും വ്യാപകവുമായ ബോധവത്കരണം നടത്തണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ‘പലിശരഹിത മൈക്രോഫിനാൻസും സുസ്ഥിര വികസനവും’ വിഷയത്തിൽ ഇൻഫാഖ് സസ്റ്റൈനബിൾ ഡെവലപ്മെൻറ് സൊസൈറ്റിയും സാഫി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വാഴയൂർ സാഫി കാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ രണ്ടാം ദിവസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യവും ലോകവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുമ്പോൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് പലിശരഹിത സാമ്പത്തിക സംവിധാനങ്ങൾ. ഈ സംവിധാനത്തിന്റെ മേന്മകളെ സ്വകാര്യ സംഭാഷണങ്ങളിൽ പിന്തുണക്കുന്ന രാജ്യത്തെ പ്രമുഖ ചിന്തകന്മാരും സാമ്പത്തിക വിദഗ്ധരും പരസ്യമായി പിന്തുണക്കുന്നതിനു പകരം വിഷയത്തെ വൈകാരികമായി സമീപിക്കുന്ന സ്ഥിതിയാണുള്ളത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇതുസംബന്ധിച്ച് ചോദ്യം നൽകിയെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും ഇ.ടി. മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
മനുഷ്യർ ഏറ്റവും കൂടുതൽ പാഴാക്കുന്ന ഒഴിവുസമയവും അധ്വാനശേഷിയും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പലിശരഹിത അയൽക്കൂട്ട സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ബൈത്തുസ്സകാത്ത് കേരളയും സംഗമം പലിശരഹിത അയൽക്കൂട്ടായ്മയും സംയുക്തമായി നടത്തിവരുന്ന തൊഴിൽ പദ്ധതികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കേണൽ നിസാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സെൻറർ ഫോർ ഇസ്‍ലാമിക് ഫിനാൻസ് ജനറൽ സെക്രട്ടറി എച്ച്. അബ്ദുർറഖീബ്, പീപ്പിൾസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അയ്യൂബ് തിരൂർ, ഇൻഫാഖ് ചെയർമാൻ ഡോ. മുഹമ്മദ് പാലത്ത്, ജനറൽ സെക്രട്ടറി സി.പി. ഹബീബ് റഹ്മാൻ, വൈസ് ചെയർമാൻ ടി.കെ. ഹുസൈൻ, സാഫി ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് കാമിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.