കേരളത്തിന്റെ പോക്കറ്റിലൊതുങ്ങാതെ പലിശപ്പെരുക്കം: അഞ്ചുവർഷത്തെ വർധന 39.68 ശതമാനം
text_fieldsതിരുവനന്തപുരം: രൂക്ഷമായ ധനപ്രതിസന്ധിക്കിടെ സംസ്ഥാനം പലിശ കൊടുത്ത് മുടിയുന്നെന്ന് കണക്കുകൾ. 2018-19 മുതൽ 2022-23 വരെ കാലയളവിൽ പലിശ ഇനത്തിലെ വർധന 39.68 ശതമാനമാണ്. പൊതുകടത്തിന് 12086.29 കോടിയായിരുന്ന പലിശഭാരം 2023 മാർച്ചിൽ 16882.59 കോടിയായാണ് ഉയർന്നത്.
ശമ്പളമടക്കം ചെലവുകൾക്ക് റവന്യൂ വരുമാനം തികയാത്ത സാഹചര്യത്തിൽ വക കണ്ടെത്താൻ സംസ്ഥാനം കടമെടുക്കുകയാണ്. മാത്രമല്ല, റവന്യൂവരവിന്റെ 19 ശതമാനം സംസ്ഥാനത്തിന്റെ മൊത്തം കടത്തിന്റെ പലിശ നൽകുന്നതിനു മാത്രമായി വിനിയോഗിക്കുന്നു. വായ്പയെടുക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങളടക്കം മൂലധനം സൃഷ്ടിക്കും വികസന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കണമെന്നാണ് പൊതുകീഴ് വഴക്കം. എന്നാൽ, 2019 മുതൽ 2023 വരെയുള്ള അഞ്ചു വർഷവും വായ്പയെടുത്ത തുകയുടെ സിംഹഭാഗവും മുൻ വായ്പകളുടെ പലിശയടക്കം തിരിച്ചടവിനാണ് വിനിയോഗിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ വായ്പയെടുത്തതിന്റെ 97.88 ശതമാനവും കടച്ചെലവുകൾക്കായി നീക്കിവെച്ചെന്നതാണ് കൗതുകകരം.
2016-17 മുതല് 2023-24 വരെ പൊതുവിപണിയിൽനിന്നെടുത്ത വായ്പയിൽ 24,100 കോടി 2027 മാർച്ചിനുള്ളിൽ തിരിച്ചടയ്ക്കണം. 10 മുതൽ 40 വർഷം വരെ കാലാവധിയുള്ള വായ്പക്ക് 7.29 മുതൽ 7.85 ശതമാനം വരെയാണ് പലിശ നിരക്ക്. ക്ഷേമ പ്രവർത്തനങ്ങൾ അടക്കം തടസ്സപ്പെടും വിധം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് പലിശ ഭാരവും വായ്പതിരിച്ചടവും സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് മുകളിൽ വലിയ സമ്മർദമാകുന്നത്.
സംസ്ഥാനത്തിന്റെ ബാധ്യതയും വരുമാനവും തമ്മിലുള്ള അന്തരത്തിന്റെ സൂചികയാണ് ‘കടം-ജി.എസ്.ഡി.പി’ അനുപാതം. കടം തിരിച്ചടവിനുള്ള കഴിവിനെയാണ് ഈ സൂചിക അടിവരയിടുന്നത്. ‘കടം-ജി.എസ്.ഡി.പി’ അനുപാതം താഴ്ന്നതാണെങ്കിൽ അതിനർഥം കടം എടുക്കാതെ കടം വീട്ടുന്നതിന് ആവശ്യമായ ചരക്കുകളും സേവനങ്ങളും ഉൽപാദിപ്പിക്കുന്നു എന്നാണ്. ധനസ്ഥിതി സ്ഥിരതയിലേക്ക് നീങ്ങുന്നെന്നതും ഇതു സൂചിപ്പിക്കുന്നു. കടം-ജി.എസ്.ഡി.പി അനുപാതം വർധിക്കുന്നെങ്കിൽ സാമ്പത്തികാവസ്ഥ അസ്ഥിരമാകുന്നെന്നാണ് കാണിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ കേരളത്തിന്റെ കടവും ജി.എസ്.ഡി.പിയും തമ്മിലുള്ള അനുപാതം 20.07 ശതമാനം മുതൽ 25.87 ശതമാനം കൂടിയെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്തപരാജയത്തെ തുടർന്ന് മുടങ്ങിയ ക്ഷേമാനുകൂല്യങ്ങളെല്ലാം നൽകിത്തീർക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പ്രകാരം കുടിശ്ശിക നിവാരണത്തിന് ചുരുങ്ങിയത് 20,000 കോടി വേണമെന്നാണ് ധനവകുപ്പ് കണക്കാക്കുന്നത്. ഇതിനൊപ്പമാണ് പെരുകുന്ന പലിശ ബാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.