മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴൽനാടൻ എം.എൽ.എക്കും ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം
text_fieldsകോതമംഗലം: കാട്ടാന ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് മാത്യു കുഴൽനാടൻ എം.എൽ.എക്കും എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം അനുവദിച്ചു. രാത്രി നാടകീയമായിട്ടാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയ നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ തുറന്ന കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എം.എൽ.എമാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിയും കോതമംഗലത്ത് അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. ഈ സമരപ്പന്തലിൽനിന്നാണ് തിങ്കളാഴ്ച രാത്രി ഇരുവരെയും പൊലീസ് പിടികൂടിയത്.
ചായക്കടയിലിരുന്ന മുഹമ്മദ് ഷിയാസിനെ മിന്നൽ വേഗത്തിൽ തൂക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ട് പോകുന്ന അതേ വേഗതയിലായിരുന്നു പൊലീസ് നീക്കങ്ങളെല്ലാം. ഷിയാസിനെ അറസ്റ്റ് ചെയ്തതിലെ പ്രതിഷേധം ഉയരുമ്പോൾ തന്നെ മാത്യൂ കുഴൽനാടനോടും അറസ്റ്റിന് വഴങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
ഇതിനൊപ്പം പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കനമുളള വകുപ്പുകളും ചുമത്തി. നാല് മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്ട്രേറ്റിന്റെ വീട്ടിൽ നേതാക്കളെ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം എന്ന തീരുമാനമെത്തി.
തിങ്കളാഴ്ച രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അടിമാലി കാഞ്ഞിരവേലി മുണ്ടോൻ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര(74)യുടെ മൃതദേഹവുമായി ബന്ധുക്കളും കോൺഗ്രസ് നേതാക്കളും റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധം നടത്തിയിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്ത് നഗരത്തിൽ എത്തിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് മൃതദേഹം കിടത്തിയ സ്െട്രച്ചർ പൊലീസ് പിടിച്ചെടുത്ത് റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.