പിറവത്തും പറവൂരിലും ഇടതുമുന്നണിക്ക് കല്ലുകടി
text_fieldsകൊച്ചി: പറവൂരിലൊഴികെ സ്ഥാനാർഥി പട്ടിക പൂർത്തിയായതോടെ പ്രചാരണച്ചൂടിലേക്ക് ഒരുമുഴം മുമ്പേയിറങ്ങി ഇടതു മുന്നണി. പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണെങ്കിലും സീറ്റുറപ്പിച്ച യു.ഡി.എഫ് സ്ഥാനാർഥികളും അണിയറയിൽ 'നിശ്ശബ്ദ പ്രചാരണം' തുടങ്ങി.
നേർക്കുനേർ മത്സരചിത്രം ഇന്ന് തെളിയുന്നതോടെ ജില്ലയിൽ പ്രചാരണച്ചൂടേറും. ഇടതു മുന്നണിയിൽ പറവൂർ, പിറവം സീറ്റുകളാണ് കല്ലുകടിയായി അവശേഷിക്കുന്നത്. സി.പി.ഐയുടെ പറവൂർ സീറ്റിലെ സ്ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കും. കേരള കോൺഗ്രസ് എമ്മിനു നൽകിയ രണ്ട് സീറ്റിലെ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിൽ പിറവത്തെ സ്ഥാനാർഥി പ്രഖ്യാപനം സി.പി.എമ്മിലും കേരള കോൺഗ്രസ് എമ്മിലും വിവാദമായിട്ടുണ്ട്. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് ജിൽസ് പെരിയപ്പുറം പാർട്ടിവിട്ടതും സ്ഥാനാർഥിയായ സിന്ധുമോൾ ജേക്കബിനെ സി.പി.എം പുറത്താക്കിയെന്ന ലോക്കൽ കമ്മിറ്റിയുടെ പ്രസ്താവന ജില്ല സെക്രട്ടറി തള്ളിയതും വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
പ്രാദേശികമായുണ്ടായ തർക്കം വരും ദിവസങ്ങൾ പരിഹരിക്കാമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്ക്. പറവൂരിൽ വിജയസാധ്യതയുള്ള യോഗ്യരായ സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാത്തത് സി.പി.ഐയെയും കുഴക്കുന്നു. വിജയപ്രതീക്ഷയുള്ള യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം വേണമെന്ന നിബന്ധനയോടെ സി.പി.ഐ സംസ്ഥാന കൗൺസിൽ പറവൂരിലെ പാനൽ മടക്കിയതാണ് പ്രഖ്യാപനം വൈകാൻ കാരണം. ഇടതു സഹയാത്രികനായ എൻ.എം. പിയേഴ്സനെ പരിഗണിക്കാൻ അനൗദ്യോഗിക ചർച്ച നടന്നെങ്കിലും ജില്ല നേതൃത്വം തള്ളി. സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.സി. സഞ്ജിത്, കെ.ബി. അറുമുഖൻ എന്നിവരുടെ പേരുകളാണ് പാനലിലുള്ളത്.
മുസ്ലിംലീഗിെൻറയും കോൺഗ്രസിെൻറയും സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവരുമ്പോൾ നേർക്കുനേർ മത്സരത്തിെൻറ ചിത്രം തെളിയും. ലീഗിെൻറ കളമശ്ശേരി സീറ്റിൽ സിറ്റിങ് എം.എൽ.എയും മുൻ മന്ത്രിയുമായ ഇബ്രാഹീംകുഞ്ഞിനെ വീണ്ടും പരിഗണിക്കുന്നതിെന എതിർത്തും അനുകൂലിച്ചും ഏറെ ചർച്ച നടന്നിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസോടെ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയായി കളമശ്ശേരി. ഇരുമുന്നണിയുടെയും പ്രഖ്യാപനത്തിനു ശേഷമായിരിക്കും ബി.ജെ.പിയുടെ പട്ടിക. തൃപ്പൂണിത്തുറയിലേക്ക് ആദ്യഘട്ടത്തിൽ ഇ. ശ്രീധരനെ പരിഗണിച്ചിരുന്നു. അദ്ദേഹം അത് നിരസിച്ചതോടെ ജില്ലയിലെ ബി.ജെ.പി പട്ടികയിൽ പ്രമുഖരുണ്ടാകില്ലെന്നാണ് സൂചന. ഇങ്ങനെ വന്നാൽ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങൾ ജില്ലയിൽ ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.