മാലിന്യ ശേഖരണ-സംസ്കരണ പ്രവർത്തനങ്ങളുടെ നിരീക്ഷണ ചുമതല ഇേൻറണൽ വിജിലൻസ് ഓഫിസർമാർക്ക്
text_fieldsപാലക്കാട്: തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യ ശേഖരണ-സംസ്കരണ പ്രവർത്തനങ്ങളുടെ നിരീക്ഷണ ചുമതല ഇന്റേണൽ വിജിലൻസ് ഓഫിസർമാർക്ക്. പൊതുസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വാതിൽപ്പടി ശേഖരണം 50 ശതമാനത്തിൽ താഴെയാണെന്ന വിലയിരുത്തലിലാണ് ഈ ചുമതലപ്പെടുത്തൽ.
കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്നവരിൽ (ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്) നിന്നുള്ള മാലിന്യനീക്കം എങ്ങനെ നടക്കുന്നുവെന്നതിന്റെ വിലയിരുത്തൽ ശരിയായി നടക്കുന്നില്ലെന്നാണ് സർക്കാർ തലത്തിലെ വിലയിരുത്തൽ. ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരന്തര വിലയിരുത്തൽ വേണമെന്ന നിഗമനത്തിലാണ് ചുമതല ഇന്റേണൽ വിജിലൻസ് ഓഫിസർമാർക്ക് വിഭജിച്ച് നൽകാൻ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് തദ്ദേശവകുപ്പ് അഡീഷൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയത്.
ചുമതലകൾ
1. ബ്ലോക്ക്/ നഗരസഭയിലെ പാഴ് വസ്തുക്കളുടെ ശേഖരണം മുതൽ മാലിന്യനീക്കം വരെയുള്ള പ്രവർത്തനം പരിശോധിച്ച് മാർഗനിർദേശം നൽകുക.
2. മാലിന്യ സംസ്കരണ മേഖലയിൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള നോഡൽ ഓഫിസറായി പ്രവർത്തിക്കുക.
3. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളുടെയും ആസൂത്രണം, നിർവഹണ പുരോഗതി വിലയിരുത്തുക.
4. തദ്ദേശതലത്തിലെ കാമ്പയിൻ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം, വിജിലൻസ് സ്ക്വാഡിന്റെ പ്രവർത്തനം, ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം എന്നിവ വിലയിരുത്തുക.
5. സംസ്കരണ മേഖലയിൽ പരിശോധന നടത്തി റിപ്പോർട്ട് എല്ലാ മാസവും 10ന് മുമ്പ് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.