ഇന്ന് ലോക വയോജന ദിനം: കേരളത്തിെൻറ സാംസ്കാരിക ചരിത്രമൊരുങ്ങുന്നു; നോവൽ രൂപത്തിൽ
text_fieldsതൃശൂർ: ൈവകുണ്ഠ സ്വാമികളുടെ കാലം മുതൽ 1942 വരെയുള്ള നവോഥാനചരിത്രം നോവൽ രൂപത്തിലാക്കുക എന്ന ചരിത്രദൗത്യത്തിലാണ് ചരിത്രകാരനും സാഹിത്യനിരൂപകനുമായ ഡോ. എസ്.കെ. വസന്തൻ (85). 1200ലധികം പേജുള്ള ബൃഹത്നോവൽ. വളരെകാലം മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം പൂർത്തിയാക്കാൻ കോവിഡ് കാലം ഉപയോഗപ്പെടുത്തുകയായിരുന്നു. തൃശൂർ കുരിയച്ചിറയിലെ വസതിയിലാണ് ഭാര്യ പ്രേമയോടൊപ്പം എഴുത്തും വായനയുമായി കോവിഡ് ദിനങ്ങൾ തള്ളി നീക്കുന്നത്.
കേരള സാംസ്കാരിക ചരിത്ര നിഘണ്ടു ഉൾപ്പെടെ സാഹിത്യലോകത്ത് നിരവധി ഗ്രന്ഥങ്ങൾ എഴുതിയ സാംസ്കാരിക-ചരിത്ര ഗവേഷകനാണ് ഡോ. വസന്തൻ. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അദ്ദേഹം ശ്രീ ശങ്കര കോളജിലും പിന്നീട് സംസ്കൃത സർവകലാശാലയിലും മലയാള പഠന ഗവേഷണ കേന്ദ്രത്തിലും അധ്യാപകനായിരുന്നു.
30 വർഷത്തിന് ശേഷമാണ് നോവൽ എഴുതുന്നത്. കേരള ചരിത്രവും നവോഥാന നായകരുടെ കുടുംബ പശ്ചാത്തലവും നോവലിെൻറ ഘടനയിൽ അവതരിപ്പിക്കുക എന്ന ശ്രമത്തിന് ഒരുപാട് റഫറൻസുകളും വായനയും വേണ്ടി വരുന്നെന്ന് മാഷ് പറയുന്നു. ''കേരള ചരിത്രം ഇഷ്ടമുള്ള വിഷയമാണ്. വളരെ നാളായി എഴുതാൻ ആഗ്രഹിച്ചതായിരുന്നു.
പുറത്തിറങ്ങാൻ വിലക്കു തുടങ്ങിയതോടെ എഴുതിത്തുടങ്ങി. കോവിഡ് തുടങ്ങിയതിൽ പിന്നെ വീട്ടിൽ തന്നെയാണ്. കുറേ എഴുതും. കുറേ വെറുതെ ഇരിക്കും. കുറേ ഉറങ്ങും. ഇത് തുടരുന്നു. അപൂർവം ഫോൺ വിളികൾ. എല്ലാവർക്കും ഒന്നേ പറയാനുള്ളൂ.. വിശേഷം ഒന്നുമില്ല..''
ൈവകുണ്ഠസ്വാമിയുടെ കുടുംബ പശ്ചാത്തലം, എസ്.എൻ.ഡി.പി, എൻ.എസ്.എസ് എന്നിവയുടെ രൂപവത്കരണം, ചാന്നാർ കലാപം, സി.വി. രാമൻപിള്ളയുടെ നേതൃത്വത്തിൽ രൂപം കൊണ്ട മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ, ശ്രീനാരായണഗുരുവിെൻറ പ്രതിഷ്ഠ, യോഗക്ഷേമ സഭ, വി.ടി. ഭട്ടതിരിപ്പാട്, സ്മാർത്തവിചാരം... ചരിത്രഘട്ടങ്ങൾ മാറിമറിയുകയാണ് മാഷുടെ മനസ്സിൽ. അവശത തെല്ലുമേശാതെ, ആർജവമുള്ള വാക്കുകൾ തെളിച്ച് സാംസ്കാരിക ചരിത്ര ഭൂമിയിലൂടെയുള്ള എഴുത്തുയാത്ര അദ്ദേഹം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.