സാർവദേശീയ സാഹിത്യോത്സവത്തിന് സമാപനം; ഉയർന്നത് സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരായ ഉറച്ച ശബ്ദം
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമി അതിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച സാർവദേശീയ സാഹിത്യോത്സവത്തിന് സമാപനം. കേവല സാഹിത്യ ചർച്ചകൾക്കുപരിയായി സംഘ്പരിവാർ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഉറച്ച ശബ്ദങ്ങൾ ഉയർന്നുകേട്ട സദസ്സായിരുന്നു സാഹിത്യോത്സവത്തിലെ വേദികൾ. മലയാളത്തിൽ നിലവിലെ സാഹിത്യോത്സവങ്ങൾക്കെല്ലാം ബദൽ എന്നതിനേക്കാളുപരി സർക്കാർ നേരിട്ടു നടത്തിയ പൊതുപരിപാടി എന്ന നിലക്കും സാഹിത്യോത്സവം ശ്രദ്ധേയമായി. മികച്ച പങ്കാളിത്തമാണ് ഒരാഴ്ച നീണ്ട പരിപാടിയിൽ അനുഭവപ്പെട്ടത്. നടനും കടുത്ത സംഘ്പരിവാർ-ഫാഷിസ്റ്റ് വിരുദ്ധനുമായ പ്രകാശ് രാജിന്റെ പരിപാടിക്കായിരുന്നു ഏറെ കാണികൾ. വിവിധ രാജ്യങ്ങളിൽനിന്നും പ്രത്യേകിച്ചും ഇസ്രായേൽ, ഫലസ്തീൻ എന്നിവിടങ്ങളിൽനിന്നുമുള്ള എഴുത്തുകാർ ജനങ്ങളുമായി അനുഭവങ്ങൾ പങ്കുവെച്ചു.
മണിപ്പൂർ, കന്നട എന്നിവിടങ്ങളിൽനിന്നും കവികൾ പങ്കെടുത്തു. പരിപാടികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ അക്കാദമി ഒരുക്കിയിരുന്നു. വ്യത്യസ്തമായ ചർച്ചകളും സംവാദങ്ങളുമെല്ലാം ശ്രവിക്കാൻ ദിനവും ആയിരങ്ങളെത്തി.
അതേസമയം, വിവാദങ്ങളും സാഹിത്യോത്സവത്തെ വിടാതെ പിന്തുടരുന്നുണ്ട്. സാഹിത്യോത്സവത്തെ അക്കാദമി പാർട്ടി പരിപാടിയാക്കി മാറ്റിയെന്നും പാർട്ടി അനുഭാവികളെയാണ് പരിപാടികൾക്ക് ക്ഷണിച്ചതെന്നും അക്ഷേപമുയർന്നിരുന്നു. എന്നാൽ, പ്രത്യക്ഷ പ്രതിഷേധമൊന്നുമുണ്ടായില്ല. കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് ആദ്യം വിവാദത്തിന് തിരികൊളുത്തി രംഗത്തെത്തിയത്. ജനുവരി 30ന് രാവിലെ 11.30 മുതൽ 12.30 വരെ ‘കുമാരനാശാന്റെ കരുണ’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കാൻ ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയിരുന്നു. ഇതിന് ഓണറേറിയമായി 2400 രൂപ മാത്രമാണ് ലഭിച്ചതെന്നും പറഞ്ഞായിരുന്നു വിമർശനം. വിഷയം ദൃശ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിവാദവും കനത്തു. മറുപടിയുമായി അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ രംഗത്തെത്തിയെങ്കിലും അൽപസമയത്തിനകം അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. ‘അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്നവുമാണ് അക്കാദമിയുടെ സാഹിത്യോത്സവം ഒരു വൻ വിജയമാക്കിയത്. ആർക്കെങ്കിലും യാത്രപ്പടിയെക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴി. അങ്ങനെ വന്ന പരാതികൾ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടർന്നത് മാത്രമാണ് ചില പരാതികൾക്ക് കാരണമായത്. അതും സാഹിത്യശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നു. പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകിൽ. ഒരു പൈസയും വാങ്ങാതെ അനേകം സാഹിത്യ പരിപാടികൾ കേൾക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാൾ എന്ന നിലയിലാണ് ഇത് പറയുന്നത്. എനിക്ക് കണക്ക് പറയാൻ അറിഞ്ഞുകൂടാ. ഈ സമൂഹത്തിന് ഞാൻ പറ്റില്ല’. ഈ പോസ്റ്റാണ് പിന്നീട് സച്ചിദാനന്ദൻ പിൻവലിച്ചത്. ചുള്ളിക്കാടിനെതിരെ പ്രതികരണവുമായി എഴുത്തുകാരൻ അശോകൻ ചരുവിലും രംഗത്തെത്തി. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച കനക്കുകയാണ്. ഈ വിഷയം മാറ്റി നിർത്തിയാൽ അക്കാദമിക്ക് ആശ്വസിക്കാൻ ഒട്ടേറെ ഇടം നൽകിയാണ് സാഹിത്യോത്സവം സമാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.