ബേപ്പൂരിൽ അന്താരാഷ്ട്ര ജലമേള; ഒരുക്കം തകൃതിയിൽ
text_fieldsബേപ്പൂർ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിൽ ജില്ല ഭരണകൂടവും ടൂറിസം പ്രമോഷൻ കൗൺസിലുമൊന്നിച്ച് തദ്ദേശ സ്ഥാപനങ്ങളെ യോജിപ്പിച്ച് സംഘടിപ്പിക്കുന്ന ‘ബേപ്പൂർ അന്താരാഷ്ട്ര ജലമേള-സീസൺ ത്രീ’ വിജയമാക്കുന്നതിനുള്ള തയാറെടുപ്പുകൾ തകൃതിയായി നടക്കുന്നു. ബേപ്പൂർ കടൽത്തീരവും ചാലിയവും കൂടാതെ, ഇത്തവണ മേളയുടെ ഭാഗമായി വിവിധ പരിപാടികൾ കോഴിക്കോട് ബീച്ചിലും പരിസര ഭാഗങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്.
കായിക മത്സരങ്ങൾ കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് നടത്തുവാനാണ് ആലോചിക്കുന്നത്. 27 മുതൽ 30 വരെയാണ് ജലമേള. ബേപ്പൂർ പുലിമുട്ട് കടൽത്തീര വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള മറീന ജെട്ടിയാണ് ഇത്തവണയും പ്രധാന വേദി. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന നവീകരണപ്രവൃത്തി വൈകാതെ പൂർത്തിയാക്കും. ചാലിയത്ത് മുതിർന്ന സ്ത്രീകളുടെയും കുട്ടികളുടെയും വിനോദത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ടൂറിസം കാർണിവലും സംഘടിപ്പിക്കുന്നുണ്ട്.
എല്ലാ ദിവസവും വ്യത്യസ്ത കലാവിരുന്നുകളുണ്ടാവും. ജലകായിക മത്സരങ്ങളായ കയാക്കിങ്, സ്റ്റാൻഡ് അപ് പെഡലിങ്, ബാംബു റാഫ്റ്റിങ്, സെയിലിങ് എന്നിവ ഉണ്ടാവും. അന്താരാഷ്ട്ര മേള, കൈറ്റ് ഫ്ലയിങ്, കൈറ്റ് സർഫിങ്, ഫ്ലയിങ് ബോർഡ് ഡെമോ, പ്രാദേശികമായ മത്സരങ്ങൾ എന്നിവയും അരങ്ങേറും. ദിവസവും മലബാർ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള, കരകൗശല പ്രദർശനങ്ങൾ, ഫ്ലീ മാർക്കറ്റ് തുടങ്ങിയവയുമുണ്ടാകും. ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ പ്രത്യേക വിമാനം, ഹെലികോപ്റ്റർ അഭ്യാസപ്രകടനങ്ങൾ, യുദ്ധക്കപ്പൽ സന്ദർശനത്തിനുള്ള അവസരം എന്നിവയുമൊരുക്കും. കോസ്റ്റ് ഗാർഡ്, ഫിഷറീസ്, മാരിടൈം ബോർഡ്, ടൂറിസം എന്നിവയുടെ പ്രത്യേക പവിലിയനും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.