അന്താരാഷ്ട്ര ജലമേള;കലയുടെ അലകടൽ തീർക്കാനൊരുങ്ങി ബേപ്പൂർ
text_fieldsബേപ്പൂർ: സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കലയുടെ മേളപ്പെരുമഴക്കാണ് ബേപ്പൂർ സാക്ഷിയാകുന്നത്. ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര ജലമേളയോടനുബന്ധിച്ചാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രഗല്ഭ ഗായകർ ബേപ്പൂരിൽ സംഗീതമഴ പൊഴിക്കാനെത്തും. ബേപ്പൂർ, ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് കൾച്ചറൽ സ്റ്റേജ് എന്നിവിടങ്ങളിൽ വൈകീട്ട് മുതൽ രാത്രിവരെയാണ് പരിപാടികൾ അരങ്ങേറുക. 26ന് വൈകീട്ട് ആറിന് ബേപ്പൂർ കടൽതീരത്താണ് ഉദ്ഘാടന ചടങ്ങ്. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകനും കർണാടക സംഗീതജ്ഞനുമായ ഹരിചരണിന്റെ സംഗീതപരിപാടി അരങ്ങേറും. ചാലിയം തീരത്ത് ആവേശത്തിരയുയർത്താൻ എ.ആർ. റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും. നല്ലൂരിൽ വയലി ബാംബൂ മ്യൂസിക് അരങ്ങേറും.
ഡിസംബർ 27ന് യുവ പിന്നണി ഗായകരായ സിദ്ധാർഥ് മേനോൻ, നിത്യ മാമൻ എന്നിവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും നടക്കും. താളമേളങ്ങളുടെ മാന്ത്രികതയുമായി ‘ആട്ടം’ കലാസമിതിയുടെയും തേക്കിൻകാട് ബാൻഡിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ കടൽതീരത്ത് പ്രശസ്ത പിന്നണി ഗായകനായ ഉണ്ണിമേനോൻ അവതരിപ്പിക്കുന്ന ഉണ്ണിമേനോൻ ഷോ നടക്കും. ചാലിയത്ത് അഫ്സൽ ഷോയും കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ റാഫി- മുകേഷ് നൈറ്റും അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവയും നടക്കും. ഡിസംബർ 29ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാൻഡിന്റെ സംഗീത പരിപാടിയും നല്ലൂരിൽ അബ്രാകഡബ്ര ഷോയും ചാലിയത്ത് സമീർ ബിൻസി ഖവാലിയുടെ സംഗീതവിരുന്നും നടക്കും.
കായികമത്സരങ്ങൾക്ക് തുടക്കം
ബേപ്പൂർ: കോഴിക്കോട് ബീച്ച് സാക്ഷിയാക്കി ബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ പ്രചാരണ കായികമത്സരങ്ങളുടെ ഭാഗമായി വോളിബാൾ മത്സരം നടന്നു.
വനിത വോളിബാൾ മത്സരത്തിൽ വോളി ഫ്രൻഡ്സ് പയിമ്പ്ര ചാമ്പ്യന്മാരായപ്പോൾ ചേളന്നൂർ എസ്.എൻ.ജി കോളജ് റണ്ണേഴ്സ്അപ്പായി. സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡന്റ് ഡോ. റോയ് വി. ജോണും സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥും ചേർന്ന് മത്സര വിജയികൾക്ക് കാഷ് പ്രൈസ് വിതരണം ചെയ്തു. ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ് പ്രചാരണ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭു പ്രേംനാഥ് സ്വാഗതവും ഡി.ടി.പി.സി മാനേജർ നന്ദു ലാൽ നന്ദിയും പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് കബഡി മത്സരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.