ഇന്റർനെറ്റ് പി.ഒ
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എൽ ഇന്‍റർനെറ്റ് കണക്ഷൻ ‘വീട്ടിലെത്തിക്കാൻ’ ഇനി പോസ്റ്റ്മാൻമാരും. ഫൈബർ ശൃംഖല വ്യാപകമാക്കുന്നതിന്‍റെ ഭാഗമായാണ് ബി.എസ്.എൻ.എൽ കേരള സർക്കിളും തപാൽ വകുപ്പും കൈകോർക്കുന്നത്. ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിലേക്ക് ഗുണഭോക്താക്കളെ ചേർക്കുന്ന ചുമതലയാണ് പോസ്റ്റ്മാൻമാർക്ക് നൽകുന്നത്. ഇതിനായി പ്രത്യേകം മൊബൈൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. തപാൽ ആവശ്യങ്ങൾക്ക് വീട്ടിലെത്തുന്ന ഘട്ടങ്ങളിൽ ഇൻറർനെറ്റ് രജിസ്ട്രേഷനും പോസ്റ്റ്മാൻമാർ വഴി ചെയ്യുമെന്നതാണ് പ്രത്യേകത. രജിസ്ട്രേഷൻ നടപടികൾക്കായി 50 രൂപ തപാൽ വകുപ്പ് ഈടാക്കും. ഈ തുക ഗുണഭോക്താവിന് ആദ്യ ബില്ലിൽ തന്നെ ഇളവ് ചെയ്യുംവിധമാണ് ക്രമീകരണം.
പോസ്റ്റ് ഓഫിസ് വഴി ഓപ്റ്റിക്കൽ ഫൈബർ കണക്ഷൻ
ഇതിനുപുറമെ, ഫൈബർ കണക്ഷന് താൽപര്യമുള്ള ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തെ ഏത് പോസ്റ്റ് ഓഫിസ് വഴിയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനകം പോസ്റ്റ്മാൻമാരും കൗണ്ടർ സ്റ്റാഫുമടക്കം 12000 പേർ ആപ്പിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇവർ വഴി രജിസ്ട്രേഷൻ നടത്തിയാൽ, കേബിൾ ശൃംഖലയുള്ള പ്രദേശമാണെങ്കിൽ പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ കണക്ഷൻ ലഭ്യമാക്കാനാണ് ബി.എസ്.എൽ.എൽ തീരുമാനം. നിലവിൽ 6.75 ലക്ഷം ഓപ്റ്റിക്കൽ ഫൈബർ വഴിയുള്ള ഇന്‍റർനെറ്റ് കണക്ഷനുകളാണ് ബി.എസ്.എൻ.എല്ലിന് കേരളത്തിലുള്ളത്. പഴയ രീതിയിൽ ലാൻഡ്
ലൈൻ വഴിയുള്ള കണക്ഷനുകൾ കൂടിയാകുമ്പോൾ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണം എട്ടു ലക്ഷം കവിയും. ലാൻഡ്ലൈൻ വഴിയുള്ള കണക്ഷനുകൾ ഓപ്റ്റിക്കൽ ഫൈബറിലേക്ക് മാറ്റാനുള്ള ദൗത്യവും സജീവമാണ്. പ്രതിമാസം 15000 കണക്ഷനുകളാണ് സംസ്ഥാനത്ത് ബി.എസ്.എൻ.എല്ലിന് ലഭിക്കുന്നത്.
മറ്റു സേവനങ്ങളും
ഫൈബർ കൺഷൻ മാത്രമല്ല, ബി.എസ്.എൻ.എല്ലിന്‍റെ മറ്റ് സേവനങ്ങളും തപാൽ വകുപ്പ് വഴി ജനങ്ങളിലെത്തിക്കാൻ ആലോചനയുണ്ട്. പുതിയ സിം, സിം ആക്ടിവേഷൻ, 2ജി സിം 4ജിയിലേക്കും 5ജിയിലേക്കും മാറ്റൽ, റീചാർജ് എന്നിവയാണ് ഇത്തരത്തിൽ പരിഗണനയിലുള്ളത്. വി.ആർ.എസിനെ തുടർന്ന് ജീവനക്കാരും സ്വന്തം ഓഫിസുകളും കുറഞ്ഞ സാഹചര്യത്തിലാണ് തപാൽ വകുപ്പിന്‍റെ സഹകരണത്തോടെ സേവനസൗകര്യങ്ങൾ വ്യാപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.