അക്കൗണ്ട് മരവിപ്പിക്കൽ:പിന്നിൽ അന്തർ സംസ്ഥാന പൊലീസിന്റെ തട്ടിപ്പും
text_fieldsകൊച്ചി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് പിന്നിൽ അന്തർ സംസ്ഥാന പൊലീസിെൻറയും തട്ടിപ്പ്. തൊടുന്യായങ്ങളുടെ പേരിൽ ബാങ്കുകാരെക്കൊണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചശേഷം അത് പ്രവർത്തന സജ്ജമാക്കാൻ പൊലീസ് പണം ആവശ്യപ്പെടുന്നതായി പരാതികൾ ഉയർന്നു.
ഇടപാടുകാരുടെ മറുപടി കേൾക്കാതെ ഏകപക്ഷീയമായി അക്കൗണ്ടുകൾ മരവിപ്പിക്കുന്ന ബാങ്കുകളുടെ നടപടിയും നിയമപരമല്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേസിൽപെട്ട അക്കൗണ്ടിൽനിന്ന് പണം വന്നാൽ അത്രയും തുകമാത്രം മരവിപ്പിച്ച് നിർത്തണമെന്നും അക്കൗണ്ടിലെ മുഴുവൻ തുകയും ഉപയോഗിക്കാനാവാത്തവിധം മരവിപ്പിക്കുന്ന ബാങ്ക്കളുടെ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമുയരുന്നു.
ബാങ്കുകളിൽനിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് മരവിപ്പിക്കാൻ നിർദേശം നൽകിയ സംസ്ഥാനത്തെ പൊലീസുമായി ബന്ധപ്പെടുേമ്പാൾ മരവിപ്പിക്കൽ പിൻവലിച്ചതായ സന്ദേശം ബാങ്കുകൾക്ക് നൽകുന്നതിന് പണം ആവശ്യപ്പെട്ടത് അക്കൗണ്ടുകൾ മരവിപ്പിക്കലിന് കാരണമായ പരാതികൾ വ്യാജമാണെന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം 2002, സി.ആർ.പി.സി 102ാം വകുപ്പ് എന്നിവ പ്രകാരമാണ് അക്കൗണ്ട് മരവിപ്പിക്കുന്നത്. ക്രിപ്റ്റോ കറൻസി, ഓൺലൈൻ ഗെയിമുകൾ എന്നിവയിൽ യു.പി.ഐ (യൂനിഫൈഡ് പെയ്മെന്റ് ഇന്റർഫേസ്) വഴി പണമിടപാടുകൾ നടത്തിയ അക്കൗണ്ടുകളും അവയിൽ നിന്ന് പണം കൈമാറിയ അക്കൗണ്ടുകളുമാണ് ഇപ്പോൾ മരവിപ്പിക്കലിന് വിധേയമാകുന്നതിൽ കൂടുതലും.
ഓൺലൈൻ പണമിടപാട് നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മനസ്സിലാക്കുക എളുപ്പമായതോടെ അത് രേഖപ്പെടുത്തി എവിടെയും ആർക്കും പരാതി നൽകാമെന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ആവശ്യപ്പെടുന്നതനുസരിച്ചും ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി വരുന്ന നിർദേശം അനുസരിച്ചുമാണ് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
ഇപ്പോൾ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട സംഭവങ്ങളിൽ ഭൂരിഭാഗത്തിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഒരുവർഷം മുമ്പ് മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളിൽപോലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ, കേസന്വേഷണം നടക്കുന്നതായോ പോലും അറിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഇതിന് ഇരയായവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.