അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ; അമ്പതോളം കേസിന് തുമ്പായി
text_fieldsകോഴിക്കോട്: കൊലപാതകവും മോഷണവുമടക്കം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലുൾപ്പെട്ടയാൾ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർ സാബു എന്ന സാബുവിനെയാണ് (52) ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ കീഴിലെ സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്.
2001ൽ കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തവെ ഗൃഹനാഥൻ അഡ്വ. ശ്രീധരക്കുറുപ്പിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയും ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു. ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞ് 2020ൽ കോവിഡ് സമയത്ത് തടവു പുള്ളികൾക്കനുവദിച്ച ഇളവിൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
എറണാകുളത്ത് താമസിച്ച് ആലുവ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിലും പിന്നീട് കർണാടകയിലെ ധർമസ്ഥലക്കടുത്ത ബെൽത്തങ്ങാടിയിൽ ഒളിവിൽ താമസിച്ച് അവിടെയും ഭവനഭേദനങ്ങൾ നടത്തി. സ്പെഷൽ ആക്ഷൻ ഗ്രൂപ് നടത്തിയ അന്വേഷണത്തിൽ സാബു ബെൽത്തങ്ങാടിയിൽ മറ്റൊരു പേരിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി. ബംഗളൂരുവിൽനിന്നുള്ള യാത്രക്കിടെ കോഴിക്കോട്ട് വാഹനം തടഞ്ഞാണ് അറസ്റ്റുചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.