സംരക്ഷിത മത്സ്യങ്ങളെ പിടികൂടി കറിെവച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
text_fieldsകുളത്തുപ്പുഴ: നിരോധിത മേഖലയില്‍ നിന്ന് സംരക്ഷിത മത്സ്യങ്ങളെ പിടികൂടി കറിവച്ച സംഭവത്തില്‍ മൂന്നു അതിഥി തൊഴിലാളികള്‍ പിടിയില്‍. കുളത്തൂപ്പുഴയാറിലെ ശാസ്താ ക്ഷേത്രക്കടവിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന സംരക്ഷിത മത്സ്യങ്ങളെയാണ് കൊല്‍ക്കത്ത സ്വദേശികളായ സാഫില്‍ (19), ബസറി(23) എന്നിവരടങ്ങിയ സംഘം പിടികൂടി കറിവെച്ചത്.
മേടവിഷു ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രക്കടവിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ പുരയിടം വാടകക്ക് എടുത്തു കച്ചവടം നടത്തുന്ന സംഘത്തിലുള്ളവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ നിരോധിത മേഖലയില്‍ നിന്ന് മീനുകളെ പിടിക്കാറുണ്ടായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ താസമസ്ഥലത്തു നിന്നും മീന്‍കറി കണ്ടെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മീനുകളെ പിടികൂടുകയും അവയെ കൊന്നു കറിയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുളത്തൂപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ക്ഷേത്രത്തിലെത്തുന്നവര്‍ക്കും കൂട്ടമായി കാണുന്ന വലിപ്പമേറിയ കറ്റി മത്സ്യങ്ങള്‍ ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.
പശ്ചിമ ഘട്ടത്തിന്റെ തനതു മത്സ്യമായ ഇവയുടെ സംരക്ഷണത്തിനായി കുളത്തൂപ്പുഴയാറിലെ കല്ലുവരമ്പ് കടവു മുതല്‍ പൊലീസ് സ്റ്റേഷന് കടവു വരെയുള്ള ഭാഗത്ത് മത്സ്യബന്ധനം വര്‍ഷങ്ങള്‍ക്ക് മുമ്പേ കലക്ടര്‍ നിരോധിച്ചിട്ടുള്ളതാണ്. സംഭവത്തില്‍ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.