അഭിമുഖ വിവാദം: സംശയമുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും
text_fieldsതിരുവനന്തപുരം: പി.ആർ ഇടനിലയെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളുമ്പോഴും സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. ഹിന്ദു ദിനപത്രത്തിന് പി .ആർ ഏജൻസി കൊടുത്ത വിവരങ്ങൾ എഴുതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നെന്നാണ് വിവരം. ഹിന്ദുവിന്റെ ഖേദപ്രകടനം അംഗീകരിക്കുമ്പോഴും ഖേദപ്രകടന കുറിപ്പിൽ പറയുന്ന പി.ആർ ഏജൻസിയെ കുറിച്ച ചോദ്യത്തിന് സി.പി.എമ്മും സർക്കാറും ഉരുണ്ടുകളിക്കുന്നതാണ് സംശയത്തിന് ഇട നൽകുന്നത്. അഭിമുഖം തയാറാക്കുമ്പോൾ മാധ്യമപ്രവർത്തകക്കൊപ്പം പി.ആർ ഏജൻസിയുടെ പ്രതിനിധികളും ഉണ്ടായിരുന്നുവെന്നാണ് ഹിന്ദുവിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയും അനുമതിയില്ലാതെയും വേറൊരാൾക്ക് അവിടേക്കെത്താനാവില്ല.
പി.ആർ ഏജൻസിയെ തള്ളിപ്പറയുമ്പോഴും കേസെടുക്കുന്ന കാര്യത്തിലും മുഖ്യമന്ത്രിക്ക് ഉത്തരമില്ല. ഒരേ സമയം പത്രത്തിന്റെ വിശദീകരണം തള്ളുകയും കൊള്ളുകയും ചെയ്യുകയാണ് സർക്കാർ. ഏജൻസികളാണ് അഭിമുഖത്തിനായി തങ്ങളെ സമീപിച്ചതെന്നാണ് ഹിന്ദുവിന്റെ വിശദീകരണം. എന്നാൽ, അങ്ങനെ ഒരു ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ ഗുരുതര പരാമർശങ്ങൾ പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിനും കൃത്യമായ മറുപടിയില്ല.
ദേശീയ തലത്തിലും മുഖ്യമന്ത്രിക്കായി വിവിധ ഏജൻസികൾ രംഗത്തുണ്ട്. ഇതൊന്നും പി.ആർ.ഡി വഴിയല്ല. അതുകൊണ്ട് തന്നെ ഈ മുഖംമിനുക്കൽ ദൗത്യത്തിന്റെ വരവ് ചെലവ് കണക്കുകൾ പി.ആർ.ഡിയുടെ അക്കൗണ്ടിലുമുണ്ടാകില്ല. ഏതെങ്കിലും സർക്കാർ വകുപ്പുകളുടെ അക്കൗണ്ടിൽ ‘ബ്രാൻഡിങ്ങി‘ന്റെ പേരിലാകും അതുണ്ടാവുക. ഡൽഹിയിലെ ഏജൻസിയുടെ ചെലവ് വഹിക്കുന്നതും ഇത്തരത്തിൽ ഏതെങ്കിലും വകുപ്പായിരിക്കും.
ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ ഭാഗമാണ് ശരിയെന്നാണ് സി.പി.എം നിലപാട്. പി.ആർ ഏജൻസിയെ സർക്കാർ നിയോഗിച്ചിട്ടില്ല. പി.ആർ ഏജൻസിയാണ് അഭിമുഖത്തിന് സമീപിച്ചതെന്ന ഹിന്ദുവിന്റെ വാദം തെറ്റാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്.
സര്‍ക്കാറിന് സ്വകാര്യ പി. ആര് സംവിധാനമില്ല. ‘ഹിന്ദു’ ഖേദം പ്രകടിപ്പിച്ചപ്പോള്‍ വിവാദം അവസാനിപ്പിക്കേണ്ടതായിരുന്നു. ദേവകുമാറിന്റെ മകനുമായി എല്ലാവര്ക്കും ബന്ധമുണ്ട്. ആ ബന്ധം കൊണ്ടാണ് അഭിമുഖം ചെയ്തതെന്നും ഗോവിന്ദന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.