നിയന്ത്രണം ലംഘിച്ച് കോവിഡ് ആശുപത്രിയിൽ ഇന്‍റർവ്യൂ
text_fieldsകോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പാലിക്കാതെ നഴ്സ് തസ്തികയിലേക്ക് ഇന്‍റർവ്യൂ നടത്തിയത് വിവാദത്തിൽ. അഭിമുഖത്തിനായി നൂറുകണക്കിന് പേരാണ് ആശുപത്രിയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തടിച്ചുകൂടിയത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ഇന്‍റർവ്യൂ നിർത്തിവെക്കാൻ കലക്ടർ നിർദേശം നൽകി. ഉദ്യോഗാർഥികളോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടതോടെ ഇവർ പിരിഞ്ഞുപോകുകയായിരുന്നു.
എല്ലാവരോടും വാക് ഇൻ ഇന്‍റർവ്യൂവിന് 9 മണിക്ക് ഹാജരാകാനാണ് അധികൃതർ ആവശ്യപ്പെട്ടിരുന്നത്. ഇവർ ഓഫിസിന് മുന്നിൽ നിരന്ന് ഇരിക്കുകയും ഇരിപ്പിടം കിട്ടാത്തവർ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടത്തോടെ നിന്നതും വിവാദമായി. എല്ലാവരോടും ഒരുമിച്ച് ഹാജരാകാൻ ആവശ്യപ്പെട്ടതാണ് വൻതിരക്കിന് ഇടയാക്കിയത്. എന്നാൽ ഇത്രത്തോളം ആളുകൾ എത്തിച്ചേരുമെന്ന് കരുതിയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മറ്റൊരു ദിവസം ഓൺലൈനായി ഇന്‍റർവ്യൂ നടത്താനാണ് തീരുമാനം.
കോവിഡ് 19 ചികിത്സാകേന്ദ്രം കൂടിയാണ് കോട്ടയം ജില്ലാ ആശുപത്രി. നഴ്സ്, ലാബ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് നിയമനം നടത്താനായിരുന്നു ഇന്‍റർവ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.