വെർബൽ റേപ് നടത്തി നിശ്ശബ്ദയാക്കാമെന്നത് സൈബർ സഖാക്കളുടെ വ്യാമോഹം -തഹിലിയ
text_fieldsമലപ്പുറം: വെർബൽ റേപിലൂടെ തന്നെ നിശ്ശബ്ദയാക്കാമെന്നത് സൈബർ സഖാക്കളുടെ വ്യാമോഹം മാത്രമാണെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹിലിയ. വനിത കമീഷനിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇത്തരം പരാമർശങ്ങൾ നടത്തിയവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ മാധ്യമം ഓൺലൈന് നൽകിയ അഭിമുഖ്യത്തിൽ വ്യക്തമാക്കി. അഭിമുഖത്തിന്‍റെ പൂർണരൂപം.
?. മുഖ്യമന്ത്രിയെ താൻ എന്ന് അഭിസംബോധന ചെയ്യാനുണ്ടായ സാഹചര്യം?
-നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍റെ ഫേസ് ബുക്ക് പോസ്റ്റ് തന്നെയാണ് ഇത്തരമൊരു പരാമർശത്തിന് കാരണം. കേരള മുഖ്യമന്ത്രി ഇത്തരണം പ്രസ്താവനകൾ നടത്തുമ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. അദ്ദേഹം തീക്കളിയാണ് കളിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
താൽക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുസ് ലിംകളെ മുഴുവൻ അപരവൽക്കരിക്കുകയും മുസ് ലിംകളെ ചൂണ്ടിക്കാണിച്ച് മറ്റ് സമുദായങ്ങളെ പേടിപ്പിക്കുകയും ചെയ്യുന്ന രംഗം കേരളത്തിലെ മുഖ്യമന്ത്രി സൃഷ്ടിക്കുമ്പോൾ എങ്ങിനെ മൗനിയാവാൻ പറ്റും. അതിനെതിരെ കൃത്യമായി ശക്തമായ പ്രതികരണം വേണം. അത്തരത്തിലൊരു പ്രതിഷേധമാണ് കഴിഞ്ഞ ദിവസം എൻറെ ഫേസ് ബുക്ക് പോസ്റ്റിലുണ്ടായത്. രൂക്ഷമായ പ്രതികരണമാവുമ്പോൾ അതിനുതകുന്ന വാക്കുകൾ വന്നുപോവുന്നത് വളരെ സ്വാഭാവികമാണ്. അതിൽ യാതൊരു ഖേദവുമില്ല.
?. ആ ഒരൊറ്റ പ്രയോഗത്തിലൂടെ വിഷയം വഴിതിരിച്ചുവിടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞല്ലോ?
-ചർച്ച വഴിതിരിച്ചുവിട്ടില്ല. മറിച്ച് അവരെ ചർച്ചക്കിരുത്താൻ കഴിഞ്ഞുവെന്നാണ് എന്‍റെ അഭിപ്രായം.
?. മതേതര പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുസ് ലിം ലീഗിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ എങ്ങിനെ വർഗീയമാവും?
-ദീർഘകാലമായി കേരളീയ സമൂഹത്തിൽ ആർ.എസ്.എസ് പടർത്തിവിടുന്നൊരു കാര്യമുണ്ട്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കാണ് കൂടുതൽ പണമുള്ളത്. അതുപയോഗിച്ച് അവർ ശക്തിപ്രാപിക്കും. അതിലൂടെ സംഘടിച്ച് അവർ കൂടുതൽ സമ്പാദിക്കും. രാഷ്ട്രീയ ശക്തിയായി മാറും. ഇതര സമുദായങ്ങളെ ആക്രമിക്കും. അവകാശങ്ങൾ കവർന്നെടുക്കും. എന്നൊക്കെ.
കൗതുകകരമായ കാര്യം മുസ് ലിം ലീഗ് നേതാക്കളെ മാത്രം ചൂണ്ടിക്കാണിച്ചല്ല ഇത്തരം പ്രചാരണം. സി.പി.എമ്മിലെ മുഹമ്മദ് റിയാസും റഹീമും ഷംസീറുമെല്ലാം മുസ്തഫയുമെല്ലാം ചാനൽചർച്ചയിലേക്ക് വരുമ്പോൾ അവരുടെയും സമുദായം ചൂണ്ടിക്കാണിക്കാറുണ്ട് ആർ.എസ്.എസ്. മുസ് ലിം പേടി ജനിപ്പിച്ച് സി.പി.എമ്മിൽ നിന്ന് ഇതര സമുദായങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായിട്ടുണ്ട്.
കോൺഗ്രസ്സിലെയും സി.പി.എമ്മിലെയും മുസ് ലിം നേതാക്കളെ ചൂണ്ടിക്കാണിച്ച് ഇവർ മുസ് ലിം സമുദായത്തിന് വേണ്ടി അധികാരം പിടിക്കാൻ വന്നവരാണെന്നുള്ള പ്രചാരണം സംഘപരിവാരം നടത്തുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ഇതേറ്റുപിടിച്ചു.
കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് കുഞ്ഞാലിക്കുട്ടിയും ഹസ്സനും അമീറും ചേർന്നാണ് യു.ഡി.എഫിനെ നയിക്കുന്നതെന്നാണ്. കോൺഗ്രസ്സിൻറെ സമുന്നതനായ നേതാവ് എം.എം ഹസ്സൻ യു.ഡി.എഫിനെ നയിക്കുന്നതിൽ എന്താണ് പ്രശ്നം. അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാവാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ഗുജറാത്തിൽ നടന്നതിന് സമാനമായ പ്രതികരണമാണിത്.
ആ രൂപത്തിൽ വായിച്ചാൽ പിണറായിയുടെ പരാമർശങ്ങൾ തീർത്തും വർഗീയമാണ്. താൽക്കാലിക തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി അദ്ദേഹം മുസ് ലിം ഭീതി തുറന്നുവിടുമ്പോൾ അത് ലീഗിനെ മാത്രമല്ല ബാധിക്കുക. സ്വന്തം ബന്ധുവായ മുഹമ്മദ് റിയാസ് പോലും ഭാവിയിൽ ഈ മുസ് ലിം പേടിയുടെ ഇരയാവും എന്ന് മനസ്സിലാക്കേണ്ടിയിരുന്നു.
?. സൈബർ ഇടത്തിലോ നേരിട്ടോ ഭീഷണികളുണ്ടായോ?
-നേരിട്ട് ഒരു പ്രയാസവുമുണ്ടായിട്ടില്ല. സൈബർ രംഗത്തുള്ള അധിക്ഷേപങ്ങൾ എന്നെ ബാധിക്കില്ലെങ്കിലും ഉപയോഗിച്ച വാക്കുകൾ വെർബൽ റേപ് എന്ന രൂപത്തിൽ വരെ എത്തുന്നതാണ്. സൈബർ ന്യായീകരണ സഖാക്കളുടെ തെറിവിളി കേട്ട് പിന്മാറാനോ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനോ ഞാനില്ല.
?. മുസ് ലിം ലീഗ് നേതൃത്വം ഏത് തരത്തിലാണ് താങ്കളുടെ പരാമർശങ്ങളോടും തുടർന്നുള്ള വിവാദങ്ങളോടും പ്രതികരിച്ചത്?
-പാർട്ടി എനിക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ട്. കോൺഗ്രസ് ഉൾപ്പെടെ ഘടകകക്ഷികളിൽ നിന്നും വലിയ പിന്തുണ ലഭിക്കുന്നു. ഒറ്റപ്പെട്ട് പോയെന്ന തോന്നലില്ല.
?. ലീഗിന് പുറത്ത് നിന്ന് പിന്തുണ ലഭിച്ചോ?
-തീർച്ചയായും. വനിത സംഘടനകളുൾപ്പെടെ എനിക്കൊപ്പമുണ്ട്. പലരും വിളിച്ചു ധൈര്യത്തോടെ ഇരിക്കാൻ പറഞ്ഞു. പരാതി നൽകണമെന്നാണ് ഇവരുടെ അഭിപ്രായം. ഇക്കാര്യത്തിൽ പാർട്ടിയുടെ അഭിപ്രായം തേടും.
?. സ്ത്രീ എന്ന നിലയിലെ വ്യക്തി അധിക്ഷേപങ്ങൾക്കെതിരെ എന്ത് നടപടി സ്വീകരിക്കും?
-സ്ത്രീ എന്ന നിലയിൽ തീർച്ചയായും ഇതിലെ വാക്കുകളെയും അസഭ്യവർഷങ്ങളെയും നേരിടും. ഓരോ പരാമർശങ്ങളും ഡോക്യൂമെൻറ് ആയി എടുത്ത് വെച്ചിട്ടുണ്ട്. സ്ത്രീത്വത്തിനെതിരായ പരാമർശങ്ങൾക്കെതിരെ നിയമനടപടിയെക്കുറിച്ച് പാർട്ടിയുമായി കൂടിയാലോചിക്കും.
പൊലീസിലും വനിതാ കമീഷനിലും പരാതിപ്പെടണമെന്ന് ആലോചിക്കുന്നുണ്ട്. വനിത കമീഷനിൽ നിന്ന് നീതി പ്രതീക്ഷിക്കണ്ടെന്നാണ് മുൻ അനുഭവങ്ങളെങ്കിലും ഇതിന് പിന്നിൽത്തന്നെ ഞാനുണ്ടാവും.
?. സംവരണത്തിന് അപ്പുറത്തേക്ക് വനിതകൾക്ക് വേണ്ടത്ര പരിഗണന ലീഗിൽ കിട്ടുന്നില്ലെന്നാണല്ലോ ഇപ്പോഴും എതിരാളികളുടെ പ്രചാരണം?
-ഇത്തരം പ്രചാരണം നടത്തുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ. അവരുടെ സംഘടനകളിൽ എത്ര വനിതകൾക്ക് പ്രാതിനിധ്യം നൽകി. മുസ് ലിം ലീഗ് ജനറൽ സീറ്റുകളിൽ വരെ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകളെ മത്സരിപ്പിച്ചു. എവിടെയും മാറ്റം പെട്ടെന്നുണ്ടാവുന്നതല്ല. ഘട്ടംഘട്ടമായി സമൂഹത്തിലെയും കാലത്തിൻറെയും മാറ്റങ്ങളെ ഉൾക്കൊണ്ട പാർട്ടിയാണ് ലീഗ്. ആ രീതിയിൽത്തന്നെ പാർട്ടി മുന്നോട്ടുപോവുമെന്നാണ് എൻറെ ഉത്തമ വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.