പൊതുജനത്തിന് മാത്രമേ രാഷ്ട്രീയ പാർട്ടിയെ ശുദ്ധീകരിക്കാൻ പറ്റൂ -സാറാജോസഫ്
text_fields
ദുസ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ കാലം എങ്ങനെ ചെലവഴിക്കുന്നു എന്ന ചോദ്യത്തിൽ നിന്ന് തുടങ്ങാം..
ലോക് ഡൗൺ കാലത്ത് 65 കഴിഞ്ഞവർ പുറത്തിറങ്ങരുത് എന്ന നിബന്ധന കർശനമായി പാലിച്ചു. എഴുത്തും വായനയുമൊക്കെ നന്നായി നടക്കുമെന്ന് കരുതിയെങ്കിലും ഇക്കാലം വല്ലാതെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. വളരെക്കാലമെടുത്തു ഒന്ന് നോർമലാകാൻ. അതുകൊണ്ട് കാര്യമായ രീതിയിൽ എഴുതാനും വായിക്കാനുമൊന്നും സാധിച്ചില്ല. ഈ കാലഘട്ടത്തിൽ ചില സത്യങ്ങളും പുറത്തുവന്നു. നാമൊക്കെ വികസിത രാജ്യങ്ങൾ എന്ന് വിളിക്കുന്ന ഇടങ്ങളിൽ എന്താണ് നടക്കുന്നത്? ഇത്തരമൊരു മഹാമാരി വരുമ്പോഴാണ് അവിടെ നടക്കുന്ന മനുഷ്യാവകാശ നിഷേധങ്ങൾ തുറന്നുകാണിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാജ്യമായി അമേരിക്കയെ ഉയർത്തിക്കാട്ടുമ്പോഴും മനുഷ്യർ മരിച്ചുവീഴുമ്പോൾ പോലും സെലക്ടീവ് ആകേണ്ട ഗതികേട് ആ രാജ്യങ്ങൾക്കുണ്ട് എന്ന് നാം മനസ്സിലാക്കി. നമ്മുടെ രാജ്യവും വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പ്രത്യേകിച്ചും അതിഥി തൊഴിലാളികളുടെയെല്ലാം വിഷയത്തിൽ. ചികിത്സാ സൗകര്യമില്ലാത്തതും ചികിത്സ നിഷേധിക്കപ്പെടുന്നതുമായ സംഭവങ്ങൾ. നിസാരമായ പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്ന രാഷ്ട്രീയക്കാർ. ഇതൊക്കെ കൊണ്ട് കലുഷമായിരുന്നു മാനസികാവസ്ഥ.
ഓൺലൈൻ എന്ന മാധ്യമത്തെ ജനങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ച കാലം കൂടിയാണല്ലോ ഇത്? ലോക്ഡൗൺ കാലത്ത് വായന കൂടിയോ?
ഈ സമയത്ത് ആളുകൾ എന്തു ചെയ്യുന്നു എന്നറിയാനുള്ള ഏകമാർഗം സോഷ്യൽ മീഡിയയാണ്. അതിലൂടെ അറിയുന്നത് ആളുകൾ ധാരാളമായി വായിച്ചിരുന്നു എന്നാണ്. പുതിയ പുസ്തകങ്ങൾ, അതേക്കുറിച്ചുള്ള ചർച്ചകൾ. വായനയോട് ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എല്ലാം ഉണ്ടായതായി കാണുന്നു.
ഓൺലൈൻ വായന എന്ന സാധ്യതയെക്കുറിച്ച് ആളുകൾ ആലോചിച്ചു തുടങ്ങി. നമുക്കെല്ലാം ഏറ്റവും പ്രിയപ്പെട്ടത് പുസ്തകം തന്നെയാണ്. അതിന് മാർഗമില്ലാത്ത അവസ്ഥയിൽ ആളുകൾ മറ്റ് മാർഗങ്ങളിലേക്ക് തിരഞ്ഞു. ഓൺലൈൻ വായന, ഓൺലൈൻ ചർച്ചകൾ. നിന്നുപോയ എല്ലാം തന്നെ ഒരു വെർച്വൽ സ്പേസിൽ സംഭവിക്കാൻ തുടങ്ങി. കണ്ടും കേട്ടും കൊടുത്തും വാങ്ങിയ യഥാർഥ ജീവിതം മാറി. ഇവയെല്ലാം മറ്റൊരു തലത്തിലേക്ക് ഇവയെല്ലാം പറിച്ചുനടപ്പെട്ടു. എന്താണ് ഈ സൈബർ ലോകം എന്ന് അറിയാത്തവർക്കുപോലും അതിനകത്ത് പ്രവേശിക്കേണ്ടിവന്നു.അതേ സമയം, ഈ ലോകം അപ്രാപ്യമായ ആളുകൾ എന്തുചെയ്യും എന്ന ചോദ്യവും ഉയരുന്നുമുണ്ട്. ടി.വി, മൊബൈൽ, കറന്‍റ് ഇവയൊന്നും ഇല്ലാത്തുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളുണ്ട് എന്നും നാം മനസ്സിലാക്കി. അതായത് ടെക്നോളജിയിലൂടെ ലോകത്തെ രണ്ടായി പിളർത്തുന്നതാണ് കാണുന്നത്. കേരളത്തിൽ ഇത്രയും അന്തരമുണ്ടെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആ വിടവ് എത്രയാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മൾ ജീവിച്ചുകൊണ്ടിരുന്ന യഥാർഥ ജീവിതം ഇപ്പോൾ നമുക്ക് ജീവിക്കാൻ സാധ്യമാകാതെ വരുന്നു. മറ്റൊരു ലോകത്ത് അതായത് വെർച്വൽ ലോകത്ത് ജീവിക്കാൻ കഴിയുന്നത് ടെക്നോളജിയുടെ സഹായത്തോടെയാണ്.
ടെക്നോളജി അപ്രാപ്യമായ മനുഷ്യരും ജീവിക്കുന്നില്ലേ? അവരെക്കുറിച്ച് നമുക്കൊന്നും അറിയേണ്ടേ? ലോകം ചലിക്കുന്ന വേഗത്തിനൊപ്പം ചലിക്കാൻ അവർക്കാവുന്നില്ല. അവരുടെ ജീവിതം തമസ്ക്കരിക്കപ്പെടുകയാണ്. സത്യം പറഞ്ഞാൽ അവരെക്കുറിച്ചോ നമുക്കും അവർക്കും ഇടയിലുള്ള വിടവിനെക്കുറിച്ചോ മുൻപും നാം അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. ആ വിടവ് അറിയിക്കുക കൂടിയായിരുന്നു കോവിഡ് കാലഘട്ടം.
ടെക്നോളജിയോട് പുറന്തിരിഞ്ഞുനിൽക്കാൻ ആർക്കും കഴിയാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് നിലനിൽക്കുന്നത്. അതിനോട് എപ്പോഴെങ്കിലും വിരോധം തോന്നിയിട്ടുണ്ടോ?
ഇല്ലേയില്ല. കമ്പ്യൂട്ടർ വരുമ്പോൾ അതിനെതിരെ സമരം നടത്തിയവരാണ് നമ്മൾ. ഇപ്പോൾ കമ്പ്യൂട്ടർ ഇല്ലാതെ എന്തെങ്കിലും നമുക്ക് ചെയ്യാൻ കഴിയുമോ? ടെക്നോളജിയുടെ സ്വാധീനം ഒഴിവാക്കേണ്ടതാണെന്നോ അതില്ലാതെ ജീവിക്കാൻ കഴിയുമെന്നോ ഞാൻ കരുതുന്നില്ല. അതിന്‍റെ ഉപയോഗത്തിൽ ചില പരിമിതികൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പേന കൊണ്ട് എഴുതുന്ന ശീലമാണ് എനിക്ക്. ടൈപ്പ് ചെയ്യാറില്ല. വാട്സ് ആപ്, ഫേസ് ബുക്ക് ഒക്കെ ഉപയോഗിക്കാറുണ്ട്. അതിനപ്പുറം അറിയില്ല. ഇനി ഈ പ്രായത്തിൽ പഠിച്ചെടുക്കുക എളുപ്പമല്ലാത്തതുകൊണ്ട് ചെയ്യുന്നില്ല എന്ന് മാത്രം.
ടീച്ചറുടെ ഏറ്റവും പുതിയ നോവലായ 'എസ്തർ' ഓൺലൈൻ സൈറ്റിലൂടെയാണ് പുറത്തുവന്നത്. മുഖ്യധാരമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ ടീച്ചർ കാലഘട്ടത്തിനനുസരിച്ച് മാറിചിന്തിക്കുകയാണോ? അത്തരത്തിലുള്ള ഒരു സെലക്ഷന്‍റെ കാരണമെന്തായിരുന്നു?
ബോധപൂർവം എടുത്ത തീരുമാനമായിരുന്നില്ല. പ്രസാധകരുടെ തീരുമാനമായിരുന്നു അത്. ഓൺലൈനിൽ പ്രസിദ്ധീകരിച്ചുകൂടേ എന്ന് അവർ തന്നെയാണ് ചോദിച്ചത്. പുതിയ തലമുറയുടെ വായന ഓൺലൈനിലായിരിക്കും. അത് സംശയമുള്ള കാര്യമല്ല. അങ്ങനെയാകുമ്പോൾ എഴുത്തുകാരും ആ മേഖലയിലേക്ക് തിരിയണം എന്നാണ് എന്‍റെ അഭിപ്രായം. ഒരു ആഴ്ചപതിപ്പിൽ അച്ചടിച്ച് വരുന്നത് കേരളത്തിലോ സമീപസംസ്ഥാനങ്ങളിലോ മാത്രമായിരിക്കും ലഭിക്കുക. പബ്ലിഷ് ചെയ്യുന്ന അന്ന് തന്നെ ലോകം മുഴുവനുമുള്ള മലയാളികൾക്ക് വായിക്കാൻ കഴിയുന്ന സൗകര്യം ഓൺലൈൻ മാധ്യമത്തിനുണ്ട്. അത് വളരെ പ്രധാനമാണ്.
'എസ്തർ' എന്ന നോവലിലെ എസ്തർ ബൈബിളിലെ പഴയ നിയമത്തിലെയാണ്. ഊര് കാവൽ പോലെ രാമയാണത്തിന്‍റേയും മഹാഭാരത്തിന്‍റേയും പൊളിച്ചെഴുത്തുകൾ നിരവധി സ്ത്രീപക്ഷ വായനകൾ ടീച്ചർ നടത്തിയിട്ടുണ്ട്. അതിന്‍റെ തുടർച്ച തന്നെയാണോ ഇതും?
ഇതിഹാസങ്ങളായാലും വേദഗ്രന്ഥങ്ങളായാലും അതെഴുതപ്പെട്ട കാലഘട്ടത്തിന്‍റെ ശരികളോട് കൂടിയാണ് നിലനിൽക്കുന്നത്. പക്ഷെ നാം അത് വായിക്കുന്നത് നമ്മുടെ കാലഘട്ടത്തിലെ ശരികൾ വെച്ചുകൊണ്ടാണ്. ജീവിക്കുന്ന കാലത്തിന്‍റെയും സാമൂഹികാവസ്ഥയുടേയും ശരിതെറ്റുകൾ വെച്ച് നമ്മളതിനെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. വ്യാഖ്യാനിക്കുമ്പോൾ നമ്മുടെ കാലഘട്ടത്തിനാവശ്യമായ ഒരു പുതിയ കൃതി ഉണ്ടാകും. രാമായണം എഴുതപ്പെട്ട കാലത്ത് സ്ത്രീപക്ഷ ചിന്തയില്ല. എഴുതിയത് അതേ പടി അന്നത്തെ മൂല്യബോധത്തിൽ വെച്ച് വായിക്കപ്പെടുകയായിരുന്നു. പക്ഷെ ചില ഘട്ടങ്ങളിലെങ്കിലും ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പിന്നീട് കാളിദാസൻ രഘുവംശം എഴുതിയത്. 'ചിന്താവിഷ്ടയായ സീത' എഴുതുമ്പോൾ സീതയുടെ പക്ഷത്ത് നിന്നുകൊണ്ട് അതായത് സ്ത്രീയുടെ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്കെത്തുന്നു. ഇതിഹാസങ്ങൾ എല്ലാ കാലത്തും വായിക്കപ്പെടുകയും ജനത അവരവർക്ക് ആവശ്യമുള്ളത് അതിൽ കണ്ടെത്തുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് രാമായണം അനേകം രാമായണമായി പൊട്ടിമുളച്ച് ഏഷ്യാവൻകരയാകെ പരന്നുകിടക്കുന്നത്.
ബൈബിളിന്‍റെ കാര്യവും അങ്ങനെത്തന്നെയാണ്. ബൈബിളിനെ ഉദ്ധരിച്ച് അതിമഹത്തായ ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്. പെയ്ന്‍റിങ് ഉണ്ടായിട്ടുണ്ട്. സംഗീതം ഉണ്ടായിട്ടുണ്ട്. ബൈബിൾ ഉണ്ടായിട്ടുള്ള കാലത്തിന്‍റെ മൂല്യവ്യവസ്ഥയിൽ നിന്നുകൊണ്ടല്ല അത് വായിക്കുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്നത്. പുനരാവിഷ്ക്കാരം എന്ന് പറയുന്നത് നമ്മുെട കാലവും ബൈബിൾ എഴുതപ്പെട്ട കാലവും തമ്മിലുള്ള ഒരു മാറ്റുരക്കലാണ്. നമ്മുടെ കാലഘട്ടത്തിലെ നീതിവ്യവസ്ഥയും മനുഷ്യബന്ധങ്ങളുമൊന്നുമല്ല അന്നുണ്ടായിരുന്നത്. പക്ഷെ യുദ്ധക്കൊതി, അധികാര ഭ്രമം, കായികബലം കൊണ്ട് എതിരാളിയെ കീഴടക്കൽ, നീതിനിഷേധം ഇവയെല്ലാം എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഇതൊക്കെ മനുഷ്യനിൽ പല ഭാവങ്ങളിൽ നിലനിന്നുപോരുന്നുണ്ട്. അതിനൊരു മാറ്റവും ഇല്ല എന്നത് ഇതിഹാസങ്ങളിലെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ മനസ്സിലാക്കാം. ഭൗതികസാഹചര്യങ്ങളിൽ മാത്രമാണ് മാറ്റമുണ്ടായത്. അന്നുപയോഗിച്ചിരുന്ന കല്ല് കൊണ്ടുള്ള ആയുധങ്ങൾക്ക് പകരം അണുബോംബിടുന്നുണ്ടാകാം. കൊല്ലാനുള്ള വാസന, അധികാരത്തിന് വേണ്ടിയുള്ള മോഹം, സ്ത്രീകൾക്ക് നേരെയുള്ള അക്രമം ഇതൊക്കെ എല്ലാക്കാലത്തും നിലനിൽക്കുന്ന കാര്യമാണ്. ഇതിലെവിടെയാണ് മാറാൻ കഴിഞ്ഞതെന്നും ഇത്തരം കൃതികളുടെ പുനരാവിഷ്ക്കാരത്തിലൂടെ ചിന്തിക്കാൻ കഴിയും.
ഇതിഹാസങ്ങളുടേയും വേദങ്ങളുടേയും പരിശുദ്ധത നിലനിർത്തിക്കൊണ്ടുതന്നെ ചോദിക്കട്ടെ, പുനർവായന ആവശ്യമാകുന്നത് ഈ കൃതികൾ പഴഞ്ചനായി പോകുന്നതുകൊണ്ടാണോ?
പുനർവായനക്ക് തെരഞ്ഞെടുക്കുന്നത് എല്ലാക്കാലത്തും നിലനിൽക്കുന്ന കാവ്യങ്ങൾ മാത്രമാണല്ലോ. എന്തുകൊണ്ടാണ് ചില കൃതികൾ വീണ്ടും വീണ്ടും വായിക്കപ്പെടുന്നത്? അത് എല്ലാക്കാലത്തേക്കുമുള്ള കൃതികൾ ആയതുകൊണ്ടുതന്നെയാണ് അങ്ങനെ സംഭവിക്കുന്നത്. അതിന്‍റെ മാറ്റ് കുറയുകയല്ല. ആ ഗ്രന്ഥത്തോടൊപ്പം നമ്മുടെ കാലത്തെ, ദേശത്തെ, മനുഷ്യ പരമ്പരയെ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഞാൻ ആ കാലഘട്ടത്തിൽ ജീവിക്കുന്ന ആളല്ല. ആ കൃതിയെക്കുറിച്ച് ഞാനെഴുതുമ്പോൾ എന്‍റെ കാലഘട്ടത്തെ ഞാനതിനോട് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്.
വളരെ പ്രതീക്ഷകളോടെയാണല്ലോ കേരളത്തിലെ രൂപീകണ സമയത്ത് ടീച്ചർ ആം ആദ്മിയിൽ ചേർന്നത്. ആ തീരുമാനം പുനപരിശോധിച്ചിട്ടുണ്ടോ?
ആം ആദ്മി പാർട്ടിയിൽ മെമ്പർഷിപ്പെടുത്തത് ശരിയാണ് എന്ന് ഇന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഏതൊരു രാഷ്ട്രീയപ്പാർട്ടിക്കും ഉള്ള പരിമിതികൾ അതിനും ഉണ്ടായിരുന്നു. അത് മുന്നോട്ടുവെച്ച ആശയങ്ങൾ വ്യത്യസ്തമായിരുന്നു. എന്നാൽ അതിന്‍റെ പ്രവർത്തകർ പൂർണമായ അർഥത്തിൽ പൊളിറ്റിക്കൽ പ്രവർത്തനത്തിന് സജ്ജരായ ആളുകൾ ആയിരുന്നില്ല. ആശയത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ വളരെ കുറവായതുകൊണ്ട് തന്നെ അതിന് നേരാംവണ്ണം കേരളത്തിൽ വളരാൻ കഴിഞ്ഞില്ല. ഡൽഹിയിൽ കുറേ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ സാമ്പ്രാദായിക രാഷ്ട്രീയ പാർട്ടികൾ ഇതിനെ അങ്ങനെ വളർന്നുവരാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല.
കോൺഗ്രസായാലും കമ്യൂണിസ്റ്റ് പാർട്ടിയായാലും രൂപീകരണ കാലഘട്ടത്തിലും തുടർന്ന് കുറേക്കാലവും ഐഡിയൽ ആയ സംഘടനകളായാണ് പ്രവർത്തിച്ചത്. ഈ പാർട്ടികൾക്കെല്ലാം സംഭവിച്ച മൂല്യച്യുതി തന്നെയല്ലേ ആം ആദ്മി പാർട്ടിക്കും സംഭവിച്ചത്?
അതെ.. കക്ഷിരാഷ്ട്രീയ പാർട്ടികൾ എപ്പോഴും അങ്ങനെയാണ്. ഇത് അധികാരത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അധികാരം നിലനിർത്താൻ വേണ്ടി എന്തും ചെയ്യുക എന്നത് അത് നേരത്തേ പ്രഖ്യാപിച്ച പ്രവർത്തനത്തിൽ നിന്ന് വിരുദ്ധമായ കാര്യമാണ്. ഇത് മറികടക്കാൻ പൊതുജനം മുന്നോട്ടുവരണം. ഇവിടെ പൊതുജനം ഉണ്ടാകുന്നില്ല. ആം ആദ്മി പാർക്കാർ മാത്രമേ ഉണ്ടാകുന്നുള്ളൂ. പൊതുജനത്തിന് മാത്രമേ ഒരു പാർട്ടിയെ ശുദ്ധീകരിക്കാൻ പറ്റൂ. അധികാരം ജനങ്ങളിലേത്തിക്കുക എന്ന മഹാത്മഗാന്ധയുടെ സ്വരാജ് എന്ന ലക്ഷ്യം നിറവേറ്റാനായിരുന്നു ആം ആദ്മി മുന്നോട്ടുവന്നത്. വളരെക്കാലം ഒരുപാട് നിസ്വാർഥരായ പ്രവർത്തകർ മുന്നോട്ടുവന്നെങ്കിൽ മാത്രം നടക്കുന്ന കാര്യമാണത്.
തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിയിരുന്നോ?
ആ കാലഘട്ടം കൂടി പ്രധാനമായിരുന്നു. സർക്കാർ അഴിമതിയിൽ മുങ്ങി തകർന്നുതരിപ്പണമായിരുന്ന കാലം. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തുന്നതിന് കാരണമായ യു.പി.എ സർക്കാരിന്‍റെ അഴിമതികൾ. കേരളത്തിൽ രണ്ട് മുന്നണികൾ മാറി മാറി ഭരിക്കുന്നു. അങ്ങനെയുള്ള കാലഘട്ടത്തിലാണ് ആം ആദ്മി വരുന്നത്. കേരളത്തിൽ ആം ആദ്മി വരണം എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ഞാൻ അതിൽ ചേരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താൻ കഴിയണമെന്നാണ് ചിന്തിച്ചത്. അഭ്യസ്തവിദ്യരായ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടരാകുകയായിരുന്നു. അവരുടെ കൂടെ നിൽക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായരുന്നു. പിന്നെ ജയിക്കാൻ വേണ്ടിയല്ല, പാർട്ടി എസ്റ്റാബ്ലിഷ് ചെയ്യാൻ വേണ്ടിയായിരുന്നു അതെല്ലാം ചെയ്തത്.
ഇനി രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ടോ?
രാഷ്ട്രീയപ്രവർത്തകയായി മാറണം എന്ന് ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നില്ല.
അതായത് ടീച്ചറുടെ ആശയങ്ങളോട് പൊരുത്തപ്പെട്ടുനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകുകയാണെങ്കിൽ...
മനുഷ്യന് എന്നും പ്രതീക്ഷകൾ ഉണ്ടാകണമല്ലോ. അതാണല്ലോ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ പ്രതീക്ഷ ജനിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാകുകയാണെങ്കിൽ അല്ലെങ്കിൽ നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെ പ്രതീഷകൾ നൽകുന്ന രീതിയിൽ മാറുന്നുവെങ്കിൽ ഞാൻ മാത്രമല്ല, ഇച്ഛാശക്തിയുള്ള എല്ലാവരും അതോടൊത്ത് പ്രവർത്തിക്കുമെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.