റിസോർട്ടുകളിൽ ലഹരി നുരയുന്നു; ഈ വർഷം ആദ്യ നാലു മാസത്തിനുള്ളിൽ ഇരുനൂറോളം കേസുകൾ
text_fieldsആലപ്പുഴ: ടൂറിസം രംഗത്തെ കുതിച്ചു ചാട്ടത്തിൽ ആഹ്ലാദിക്കുമ്പോൾതന്നെ സിന്തറ്റിക് ലഹരിയുടെ ഉപയോഗവും ജില്ലയിൽ വർധിക്കുന്നു.ചില കായലോര റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പിടിമുറുക്കുന്നതെന്ന് പൊലീസിനും എക്സൈസിനും വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിവാഹത്തോടനുബന്ധിച്ച് റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന പാർട്ടിയിൽ കച്ചവടത്തിനെത്തിച്ച സിന്തറ്റിക് ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായിരുന്നു. ഈ വർഷം ആദ്യ നാലു മാസത്തിനുള്ളിൽ ഇരുനൂറോളം എൻ.ഡി.പി.എസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്) കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ എം.ഡി.എം.എയും കഞ്ചാവും നൈട്രാസെപാം ഗുളികകളും പിടിച്ച കേസുകൾ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്ത നാർകോട്ടിക് കേസുകൾ 527 ആണെന്നിരിക്കെ ഈവർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ 26വരെ രജിസ്റ്റർ ചെയ്ത നാർകോട്ടിക് കേസുകൾ 193 ആയി. എം.ഡി.എം.എ ഉപയോഗമാണ് വലിയ തോതിൽ വർധിക്കുന്നത്.
2021ൽ പൊലീസ് നടത്തിയ പരിശോധനയിൽ 20 ഗ്രാമും എക്സൈസ് പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എയുമാണ് കണ്ടെത്തിയത്. 2022 ആയപ്പോഴേക്കും സ്ഥിതി മാറി. പൊലീസ് പരിശോധനയിൽ 1350 ഗ്രാമും എക്സൈസ് പരിശോധനയിൽ 147 ഗ്രാമും എം.ഡി.എം.എയാണ് പിടികൂടിയത്. ഈ വർഷം ആദ്യത്തെ മൂന്ന് മാസത്തെ കണക്കുപ്രകാരം മാത്രം ജില്ലയിൽ പൊലീസ് 350 ഗ്രാമും എക്സൈസ് 47 ഗ്രാമും പിടികൂടി.
ഒരു ഗ്രാം എം.ഡി.എം.എ ജില്ലയിൽ വിൽക്കുന്നത് 2000 മുതൽ 5000 രൂപക്ക് വരെയാണ്. ജില്ലയിലേക്ക് ലഹരി കടത്തിക്കൊണ്ടുവരുന്നത് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയകളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ ചോദ്യംചെയ്തപ്പോൾ സിന്തറ്റിക് ലഹരിയുടെ ഉറവിടം ഇതര സംസ്ഥാനങ്ങളാണെന്നും മൊഴിയുണ്ട്. സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരിൽ കൂടുതലും യുവാക്കളും വിദ്യാർഥികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.