പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയെന്ന്; രണ്ട് എം.എൽ.എമാർക്കെതിരെ കേസ്
text_fieldsകാലടി: പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് രണ്ട് എം.എൽ.എമാർക്കെതിരെ കേസ്. അങ്കമാലി എം.എൽ.എ റോജി എം. ജോൺ, ചാലക്കുടി എം.എൽ.എ സനീഷ്കുമാർ ജോസഫ് എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന 13 പ്രവർത്തകർക്കെതിരെയും കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ശ്രീശങ്കര കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നെടുത്ത കേസിൽ രണ്ട് കെ.എസ്.യു പ്രവർത്തകരെ പാതിരാത്രി വീട്ടിൽകയറി പൊലീസ് അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. പ്രവർത്തകരെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്നാരോപിച്ച് റോജിയും ബെന്നി ബഹനാൻ എം.പിയും സനീഷ്കുമാർ ജോസഫും പ്രവർത്തകരും അഞ്ച് മണിക്കൂറോളം സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ 4.30നാണ് പ്രതിഷേധം ആരംഭിച്ചത്. ഒമ്പതരയോടെ ആലുവ എ.എസ്.പി ജുവനപ്പടി മഹേഷ് സ്റ്റേഷനിലെത്തി പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കെ.എസ്.യു യൂനിറ്റ് പ്രസിഡന്റും കോളജ് യൂനിയൻ മാഗസിൻ എഡിറ്ററുമായ രാജീവ് വാലപ്പൻ, പ്രവർത്തകനായ ഡിജോൺ എന്നിവരെയാണ് ശനിയാഴ്ച അർധരാത്രിയോടെ വീടുകളിൽ കയറി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച അർധരാത്രി തന്നെ ജോമോൻ, അഭിജിത്ത്, സരീഷ്, സന്ദീപ്, വിഷ്ണു എന്നീ വിദ്യാർഥികളെയും വീട്ടിൽകയറി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ശനിയാഴ്ച കോടതി ജാമ്യത്തിൽ വിട്ടു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാജീവ് വാലപ്പനെയും ഡിജോണിനെയും അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റിലായ വിദ്യാർഥികൾക്ക് നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായി ആരോപണമുയർന്നെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. സംഭവമറിഞ്ഞ് എം.പിയും എം.എൽ.എമാരും സ്റ്റേഷനിലെത്തുമ്പോൾ പ്രവർത്തകരെ സെല്ലിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷുഭിതനായ റോജി എം. ജോൺ ഇവരെ സെല്ലിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.