പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ സർക്കാറിന് അവകാശമില്ല -സഞ്ജീവറെഡ്ഡി
text_fieldsകൊച്ചി: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാറിന് അവകാശമില്ലെന്ന് ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡൻറും രാജ്യാന്തര ട്രേഡ് യൂനിയൻ സംഘടനകളുടെ ഉപാധ്യക്ഷനുമായ ഡോ. ജി. സഞ്ജീവറെഡ്ഡി. പൊതുമേഖല സ്ഥാപനങ്ങൾ ബാധ്യതയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് പ്രതിഷേധാർഹമാണ്. സ്വകാര്യവത്കരണം ഒരുതരത്തിലും അനുവദിക്കില്ലെന്നുംഅദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെയും ജനങ്ങളുടെയും സ്വത്താണ് പൊതുമേഖല സ്‌ഥാപനങ്ങൾ. അതു തോന്നുംപോലെ വിറ്റഴിക്കാൻ സർക്കാറിന് അവകാശമില്ല. സർക്കാർ മുതൽമുടക്കിയ പണം മൂന്നിരട്ടിയിലേറെ പലവിധത്തിൽ തിരികെ ലഭിച്ചിട്ടുണ്ട്. പത്ത് വർഷത്തിലേറെയായി കനത്ത നഷ്ടം വരുത്തുന്ന സ്ഥാപനങ്ങൾ ആവശ്യമെങ്കിൽ സ്വകാര്യവത്കരിക്കാം. സ്ഥാപനത്തിെൻറ നിലനിൽപിനായി മാത്രമാകണം അത്. മറിച്ചുള്ള തീരുമാനം അനുവദിക്കില്ല.
കരാർ നിയമന സമ്പ്രദായം നിർത്തലാക്കണം. കരാർ തൊഴിലാളികളെയെല്ലാം സ്ഥിരപ്പെടുത്തണം. സ്ത്രീകൾക്ക് തുല്യമായ തൊഴിലവസരങ്ങൾ നൽകണം. എല്ലാ തൊഴിലാളികളെയും പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തണം. വിരമിച്ച തൊഴിലാളികൾക്ക് മാന്യമായി ജീവിക്കാനുള്ള പെൻഷൻ ഉറപ്പാക്കണം. തൊഴിലാളി വിരുദ്ധ നയങ്ങൾ ഉൾപ്പെടുത്തിയുള്ള തൊഴിൽ നിയമ പരിഷ്കാരം നിർത്തിവെക്കണം. മിനിമം വേതനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.