കേരളം പറയുന്നു; ലോകമേ സ്വാഗതം
text_fieldsകൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനസ്റ്റാളുകളുടെ ഉദ്ഘാടനം ബഹ്റൈൻ വാണിജ്യ
വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റു, യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തുക് അൽമാരി, മന്ത്രി പി. രാജീവ്, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ്
ഗോയൽ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ. യൂസുഫലി എന്നിവർ ചേർന്ന് നിർവഹിക്കുന്നു
കൊച്ചി: വ്യവസായ, നിക്ഷേപ രംഗങ്ങളിൽ കേരളത്തിന്റെ പുതിയ സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നുവെക്കുകയാണ് വെള്ളിയാഴ്ച കൊച്ചിയിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. ആറ് രാജ്യങ്ങളുടെ പങ്കാളിത്തവും മൂവായിരത്തിലധികം പ്രതിനിധികളുടെ സാന്നിധ്യവും കൊണ്ട് കേരളത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഉച്ചകോടി ആഗോള നിക്ഷേപകരുടെയും മാറുന്ന വ്യവസായലോകത്തെ പുത്തൻ കാഴ്ചകളുടെയും സംഗമവേദി കൂടിയാണ്. നിക്ഷേപകർക്ക് ആശങ്കയില്ലാതെ കടന്നുവരാവുന്ന നാടായി കേരളത്തെ പരിചയപ്പെടുത്താനുള്ള ഈ ഉദ്യമത്തെ വലിയ പ്രതീക്ഷകളോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്.
‘ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം’ എന്ന മുദ്രാവാക്യവുമായാണ് കേരളത്തിന്റെ സാധ്യതകളും നിലവിൽ എവിടെ നിൽക്കുന്നു എന്നും ഉച്ചകോടി ലോകത്തിന് പരിചയപ്പെടുത്തുന്നത്. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന് മന്ത്രിതല സംഘങ്ങൾ, വിവിധ വദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, ലോകപ്രശസ്ത കമ്പനികളുടെ അമരക്കാർ, നയരൂപവത്കരണ രംഗത്തെ പ്രമുഖർ എന്നിവരുടെ പങ്കാളിത്തവും അവർ പങ്കുവെക്കുന്ന ആശയങ്ങളും ഉച്ചകോടിയെ സമ്പന്നമാക്കുന്നു. പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച കേരളം വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി കൊണ്ടും പ്രകൃതിവിഭവങ്ങൾകൊണ്ടും അടിസ്ഥാനസൗകര്യ വികസനത്തിലെ പുതിയ കുതിപ്പുകൾ കൊണ്ടും ആഗോള നിക്ഷേപകർക്ക് സുരക്ഷിത ഇടമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതാകും ഉച്ചകോടിയുടെ ഉള്ളടക്കമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി.
കേരളത്തിലേക്ക് കടന്നുവരുന്ന നിക്ഷേപകരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്താണ് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചത്. കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം ഒറ്റക്കെട്ടായി സർക്കാറിനൊപ്പം നിൽക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം സദസ്സ് കൈയടികളോടെ സ്വീകരിച്ചു. കേരളത്തിലേക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ജയന്ത് ചൗധരി, നിധിൻ ഗഡ്ഗരി എന്നിവരും നിക്ഷേപകർക്ക് വിശ്വസിച്ച് കടന്നുവരാവുന്ന ഇടമായി കേരളത്തെ പരിചയപ്പെടുത്തിയതും യു.എ.ഇ, ബഹ്റൈൻ വാണിജ്യ മന്ത്രിമാർ കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രകീർത്തിച്ചതും ശ്രദ്ധേയമായി.
വ്യവസായത്തിന്റെയും നിക്ഷേപ അവസരങ്ങളുടെയും പുതിയ സാധ്യതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വൈവിധ്യമാർന്ന ചർച്ചകൾക്കും രണ്ട് ദിവസത്തെ ഉച്ചകോടി വേദിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.