തൃശൂർ പുത്തൂർ സഹകരണ ബാങ്കിൽ 60 കോടിയുടെ തട്ടിപ്പെന്ന് നിക്ഷേപകർ
text_fieldsതൃശൂർ: പതിനഞ്ച് വർഷമായി കോൺഗ്രസ് ഭരിക്കുന്ന പുത്തൂർ സഹകരണ ബാങ്കിൽ 60 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന ആക്ഷേപവുമായി നിക്ഷേപകർ. ഏഴുവർഷമായി നിക്ഷേപകർക്ക് മുതലും പലിശയും കിട്ടുന്നില്ല. 15,873 നിക്ഷേപകരുള്ള ബാങ്കിൽ 35 കോടി രൂപയാണ് നിക്ഷേപം. 2014ന് ശേഷം മുതലോ പലിശയോ കിട്ടുന്നില്ല. ഏഴര കോടി രൂപയാണ് വായ്പ ഇനത്തിൽ പിരിഞ്ഞു കിട്ടാനുള്ളത്. വർഷങ്ങളായി വായ്പ തിരിച്ചടവില്ല. വേണ്ടപ്പെട്ടവർക്ക് കുറഞ്ഞ തുകയിൽ വായ്പ അവസാനിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതായി നിക്ഷേപകരുെട പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
2011ൽ മനഃപൂർവമായ വഞ്ചന കുറ്റത്തിന് പുറത്താക്കിയ സുരേഷ് കാക്കനാട് രാഷ്ട്രീയ സ്വാധീനത്തിൽ വീണ്ടും പ്രസിഡൻറായ ശേഷം സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ക്രമരഹിതമായ വായ്പ അനുവദിച്ചാണ് 35 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയതെന്ന് നിക്ഷേപകർ ആരോപിക്കുന്നു. വായ്പക്കുമേൽ വായ്പ നൽകി നിക്ഷേപകരെ കബളിപ്പിക്കുകയാണ്. ഭൂമി ഈടായി നൽകുന്നവരുടെ കാര്യത്തിൽ മതിപ്പുവിലയേക്കാൾ കൂടുതൽ കാണിച്ച് അടുത്തയാളുകൾക്ക് വായ്പ നൽകിയും തട്ടിപ്പ് നടന്നു. 2016ൽ ക്രമക്കേടിെൻറ പേരിൽ ഭരണസമിതി രാജിവെക്കുകയും അസി. രജിസ്ട്രാർ ഓഫിസിലെ മൂന്നംഗ ഭരണസമിതി രാഷ്ട്രീയപ്രേരിതമായി നിലവിൽ വരുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല.
ജില്ല ബാങ്കിൽ നിന്നുള്ള രണ്ടര കോടി രൂപയുടെ വായ്പ ഇതുവെര തിരിച്ചടച്ചിട്ടില്ല. ബാങ്കും സ്ഥലവും അടക്കം ഈടുള്ളതിനാൽ ബാങ്ക് നിലവിൽ പണയത്തിലാണെന്ന് നിക്ഷേപകർ ആരോപിച്ചു. ബാങ്കിൽ കണ്ടെത്തിയ ക്രമക്കേടിെൻറ പേരിൽ 80 ലക്ഷം രൂപ സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ 2017ൽ ആവശ്യപ്പെട്ടിട്ടും ഇതുവരെ അടച്ചിട്ടുമില്ല. കഴിഞ്ഞ രണ്ടു വർഷം നടത്തിയ ഓഡിറ്റിങ്ങിെൻറ പണം പോലും നൽകാത്തതിനാൽ വകുപ്പ് ഈ തുക ആവശ്യപ്പെട്ട് കത്തയിച്ചിട്ടുമുണ്ട്.
നിക്ഷേപകർ സംഘടിച്ച് വിവിധ സമര പരിപാടികൾ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഹൈകോടതിയിലും വിജിലൻസിലും കേസുണ്ട്. പൊലീസ് കേസും തുടരുകയാണ്. നേരത്തെ 25 ലക്ഷം രൂപ സർക്കാർ വായ്പ നൽകിയിരുന്നുവെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമായിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ ഒന്നും ചെയ്തില്ല. മന്ത്രിമാർ, സഹകരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, എം.പിമാർ, എം.എൽ.എമാർ, തൃശൂർ ഡി.സി.സി എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം ഫലമുണ്ടായില്ല. പരിഹാരം കാണുന്നതിൽ സർക്കാർ വിമുഖത തുടരുകയാണെന്നും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.