അജിത്കുമാറിനെതിരായ അന്വേഷണം: അട്ടിമറി ആശങ്ക വേണ്ട -എം.വി. ഗോവിന്ദൻ
text_fieldsഒറ്റപ്പാലം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ അന്വേഷണത്തിൽ അട്ടിമറി സംബന്ധിച്ച ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അതിനുള്ള ധൈര്യം കേരളത്തിൽ ആർക്കുമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായ പാലക്കാട് മേഖല ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ ഒറ്റപ്പാലത്ത് എത്തിയതായിരുന്നു അദ്ദേഹം.
കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. ഡി.ജി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അത് പൂർത്തിയാകുന്ന മുറക്ക് ആവശ്യമായ നടപടി സ്വീകരിക്കും. പി.വി. അൻവറിനു പിന്നിൽ അൻവർ മാത്രമാണുള്ളത്. ബി.ജെ.പിയുടെ വളർച്ചക്ക് എല്ലാവിധ സഹായവും നൽകുന്നത് കോൺഗ്രസാണ്.
തൃശൂരിലെ പരാജയത്തിൽ കോൺഗ്രസിന്റെ അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവിട്ടാൽ ഹേമ കമീഷൻ റിപ്പോർട്ടിന് സമാനമായി ഗൗരവമുള്ളതായിരിക്കും. ഇങ്ങനെയാണെന്നിരിക്കെ കോൺഗ്രസ് നേതാക്കൾ എന്തു നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണമെന്നും ഗോവിന്ദൻ പറഞ്ഞു.
സർക്കാർ പരിശോധിക്കും -എ. വിജയരാഘവൻ
കണ്ണൂർ: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാർ പരിശോധിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പി.വി. അൻവർ സ്വതന്ത്രനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായം സ്വതന്ത്രമാണെന്നും അതങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി.ബി അംഗമായ പിണറായി വിജയൻ തന്നെയാണ് സർക്കാറിനെ നയിക്കുന്നത്. പാർട്ടിയിലെ മറ്റു സഖാക്കളും സർക്കാറിലുണ്ട്. ഇവരൊക്കെ കൂട്ടായാണ് തീരുമാനമെടുക്കുന്നത്. 16 മാസങ്ങൾക്കു മുമ്പ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടതാണ് ഇപ്പോൾ വിവാദമാക്കുന്നത്.
എ.ഡി.ജി.പി വിഷയത്തിൽ സി.പി.ഐ പറയുന്നത് അവരുടെ അഭിപ്രായമാണ്. അവർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.