പട്ടയം കൈവശപ്പെടുത്തിയ ഒറ്റമൂലി കേന്ദ്രത്തിനെതിരെ അന്വേഷണം
text_fieldsപാലക്കാട്: അട്ടപ്പാടി ചിക്കണ്ടി ഊരിൽ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയുടേതടക്കം സർക്കാർ അനുവദിച്ച പട്ടയങ്ങൾ വള്ളിയമ്മാൾ ഗുരുകുലം എന്ന സ്വകാര്യ ഒറ്റമൂലി ചികിത്സകേന്ദ്രത്തിന്‍റെ ഉടമ കൈവശപ്പെടുത്തിയത് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. പണയമെന്ന വ്യാജേനയാണ് പട്ടയങ്ങൾ കൈവശപ്പെടുത്തിയത്. അഗളി ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. റിപ്പോർട്ട് ഒരുമാസത്തിനകം സമർപ്പിക്കണം.
5000 മുതൽ 25,000 രൂപ വരെയുള്ള തുകക്കാണ് പലരും പട്ടയം പണയപ്പെടുത്തിയത്. ഉയർന്ന വട്ടിപ്പലിശയാണ് ഇവരിൽനിന്ന് ഈടാക്കുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സമർപ്പിച്ച പരാതിയിൽ പറയുന്നു.ദരിദ്രരായ ആദിവാസികൾക്ക് പിന്നീട് പട്ടയങ്ങൾ തിരിച്ചെടുക്കാൻ കഴിയാറില്ല.
ചികിത്സകേന്ദ്രത്തിന്‍റെ ഉടമയായ രവീന്ദ്രൻ വൈദ്യരും ഭാര്യ സലിമയും ആദിവാസികളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്തുകയാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രവീന്ദ്രൻ വൈദ്യരുടെ ഭാര്യയുടെ അച്ഛൻ മധുവിന്‍റെ അമ്മ മല്ലിയമ്മയെ മധു വധക്കേസിൽനിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചതായി അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. മധു വധക്കേസിലെ കൂറുമാറലിന് പിന്നിൽ ഇവരുടെ സ്വാധീനമുണ്ടെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.