മരംമുറി- ഭൂമി ഇടപാട് ക്രമക്കേട്:ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
text_fieldsതലശ്ശേരി: മുഖ്യമന്ത്രിയായിരിക്കെ കണ്ണൂർ വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തെ മരംമുറി- ഭൂമി ഇടപാട് ക്രമക്കേടിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ തുടരന്വേഷണത്തിന് തലശ്ശേരി വിജിലൻസ് സ്പെഷൽ കോടതി ഉത്തരവ്. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് പ്രത്യേക ജഡ്ജി കെ. ബൈജുനാഥ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. പ്രാഥമികാന്വേഷണം നടത്തി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തത വരുത്തുന്നതിനാണ് തുടരന്വേഷണം.
ഉമ്മൻ ചാണ്ടിക്ക് പുറമെ മുൻമന്ത്രി കെ. ബാബു, പ്രിൻസിപ്പൽ സെക്രട്ടറിമാരായിരുന്ന ടോം ജോസ്, വി.പി. ജോയി, കിൻഫ്ര എം.ഡിയായിരുന്ന രംനാസ്, കിയാൽ എം.ഡി ചന്ദ്രമൗലി, എൽ ആൻഡ് ടി മാനേജർ സജിൻലാൽ, അഡീഷനൽ ചീഫ് സെക്രട്ടറി വി.ജെ. കുര്യൻ എന്നിവരെ എതിർകക്ഷികളാക്കി ഇരിട്ടി പെരിങ്കിരി കടക്കേലിൽ ഹൗസിൽ കെ.വി. ജെയിംസ് സമർപ്പിച്ച ഹരജിയിലാണ് നടപടി.
കണ്ണൂർ വിമാനത്താവളത്തിന് ഏറ്റെടുത്ത സ്ഥലത്തെ ഒരുലക്ഷം മരങ്ങൾ ഉമ്മൻ ചാണ്ടി, കെ. ബാബു എന്നിവരുടെ അടുപ്പക്കാരായ പുതുപ്പള്ളി സ്വദേശി എബിയും പെരുമ്പാവൂരിലെ മുഹമ്മദും എൽ ആൻഡ് ടി മാനേജർ സജിൻലാലിെൻറ നേതൃത്വത്തിൽ മുറിക്കുകയും സർക്കാറിന് സാമ്പത്തികനഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. പരിസ്ഥിതിവകുപ്പ് 3041 മരം മുറിക്കാൻ അനുമതി നൽകിയതിെൻറ മറപിടിച്ചാണ് ഒരുലക്ഷം മരം മുറിച്ചത്. സ്വകാര്യവ്യകതികളിൽനിന്ന് നോഡൽ ഏജൻസിയായ കിൻഫ്ര ഏറ്റെടുത്ത് സ്ഥലം കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാലിന് നൽകിയപ്പോഴാണ് ക്രമക്കേടിന് കളമൊരുങ്ങിയത്. കിയാലിന് ലഭിക്കുന്നമുറക്ക് അത്രയും ഭൂമിയുടെ വില കണക്കാക്കി പ്രസ്തുത തുകയുടെ ഓഹരി സർക്കാറിന് നൽകാനായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം ഒന്നും രണ്ടും ഘട്ടമായി ഏറ്റെടുത്ത 1300 ഏക്കർ ഭൂമിയും കിയാലിന് കൈമാറിയതായി കാണിച്ചാണ് അതിലെ മരങ്ങൾ മുഴുവൻ മുറിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.