വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം: ഹരജി ഇന്ന് പരിഗണനക്ക്
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും.
ഇല്ലാത്ത സേവനത്തിന്റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോർപറേറ്റ്കാര്യ മന്ത്രാലയം കമ്പനി നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ, കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസ്ട്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗസംഘത്തെ കേന്ദ്രം അന്വേഷണത്തിന് ഏൽപിച്ചിട്ടുള്ളത്. കമ്പനി നിയമത്തിനുള്ളിൽ മാത്രമായി ഇത് ഒതുങ്ങുന്നതിനാൽ എസ്.എഫ്.ഐ.ഒ അന്വേഷണമാണ് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി ഉപഹരജിയും ഷോൺ നൽകിയിട്ടുണ്ട്.
ഉടമകളെ പ്രോസിക്യൂട്ട് ചെയ്യാനാകുംവിധം കമ്പനി പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകളുണ്ടെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പ്രധാന ഹരജിയും ഉപഹരജിയും ബുധനാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുമ്പാകെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.