സി.പി.എമ്മിനെ തള്ളി പൊലീസ്; എറിഞ്ഞത് ബോംബല്ല, പടക്കം പോലുള്ള വസ്തു
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെയുണ്ടായത് ബോംബേറാണെന്ന സി.പി.എം നേതാക്കളുടെ വാദം തള്ളി പൊലീസ്. വ്യാഴാഴ്ച അർധരാത്രി ബൈക്കിലെത്തിയ അജ്ഞാതൻ എറിഞ്ഞത് ബോംബല്ലെന്നും പടക്കം പോലുള്ള വസ്തുവാണെന്നും പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് സിറ്റി പൊലീസ് കമീഷണര്‍ സ്പർജൻ കുമാർ അറിയിച്ചു.
ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. അതേസമയം, എ.കെ.ജി സെന്‍ററിന് നേരെയുണ്ടായത് ബോംബേറാെണന്നതിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം നേതൃത്വം. എറിഞ്ഞത് സ്റ്റീൽ ബോംബാണോയെന്ന് സംശയമുണ്ടെന്നും വെടിമരുന്നിന്‍റെ മണം ഉണ്ടായിരുന്നതായും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍ വെള്ളിയാഴ്ച പറഞ്ഞു. കെട്ടിടം പോലും കുലുങ്ങുന്ന അവസ്ഥയായിരുന്നുവെന്നാണ് ആ സമയത്ത് സെന്‍ററിലുണ്ടായിരുന്ന പി.കെ. ശ്രീമതി പറഞ്ഞതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
എ.കെ.ജി സെന്‍റർ ജീവനക്കാരുടെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. ഐ.പി.സി 436, എക്സ്േപ്ലാസിവ് സബ്സ്റ്റൻസ് ആക്ട് മൂന്ന് (എ) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയയാൾ എ.കെ.ജി സെന്‍ററിലെ വാഹനങ്ങൾ പ്രവേശിക്കുന്ന വളപ്പിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞ് സ്ഫോടനം നടത്തിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഐപിസി 436 അനുസരിച്ചുള്ള തീവെപ്പിന് 10 വർഷം തടവും പിഴയുമാണ് ശിക്ഷ. എക്സ്േപ്ലാസിവ് സബ്സ്റ്റൻസ് ആക്ട് മൂന്ന് (എ) അനുസരിച്ച് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും അക്രമിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എ.കെ.ജി സെന്‍ററിലെയും സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും 30ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വണ്ടിയുടെ നമ്പറോ എറിഞ്ഞയാളുടെ മുഖമോ ദൃശ്യങ്ങളിൽ വ്യക്തമല്ല. എങ്കിലും ചില തെളിവുകൾ ലഭിച്ചതായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും നിലവിൽ ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷിക്കാൻ ഡി.സി.ആർ.ബി അസി.കമീഷണർ ഡി.കെ. ദിനിലിന്‍റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡെപ്യൂട്ടി കമീഷണർ എ. നസീം മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.