നിക്ഷേപ തട്ടിപ്പ്: അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്
text_fieldsകോഴിക്കോട്: വൻപലിശയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിന്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് (സി ബ്രാഞ്ച്) കൈമാറും. മെഡിക്കൽ കോളജ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പിൽ ഇതിനകം ലഭിച്ച പരാതികളിൽ 33 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികമായി കണക്കാക്കിയത്.
കേസിൽ നേരത്തെ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ കാരപ്പറമ്പ് സ്വദേശി ജമാലുദ്ദീൻ, കക്കോടി സ്വദേശി റെയ്മൻ ജോസഫ് എന്നിവരെ പൊലീസ് തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി. ഇവരെ വിശദമായി ചോദ്യം ചെയ്തതിന്റെയും തെളിവെടുത്തതിന്റെയും അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉടൻ കേസ് ഡയറി തയാറാക്കും.
തുടർന്ന്, കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്ക് റിപ്പോർട്ട് നൽകും. പൊലീസ് മേധാവിയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കുക. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ച മൈത്രി നിധി, കോസ് ടാക്‌സ് എന്നീ സ്ഥാപനങ്ങളാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ പൊറ്റമ്മലിലെ ഓഫിസും തമിഴ്നാട് കൃഷ്ണഗിരിയിലെ ഓഫിസും അന്വേഷണ സംഘം പൂട്ടി സീൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.