നിക്ഷേപത്തട്ടിപ്പ്: ലോങ് റിച്ച് എം.ഡിയുടെ കാർ കസ്റ്റഡിയിലെടുത്തു
text_fieldsപൂക്കോട്ടുംപാടം: നിയമാനുസൃത രേഖകളില്ലാതെ കോടികളുടെ നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കിളിയിടുക്കലിെൻറ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പൂക്കോട്ടുംപാടം സ്റ്റേഷൻ ഓഫിസർ പി. വിഷ്ണുവിെൻറ നേതൃത്വത്തിൽ ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു.
നിഷാദ് മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. സ്റ്റഡി മോജോ, മോറിസ് കോയിൻ ഇൻവെസ്റ്റ്മെൻറ് പ്ലാൻ 300 ഡേയ്സ് എന്ന മണിചെയിെൻറ പേരിലാണ് ഇയാൾ പണമിടപാടുകൾ നടത്തുന്നത്. ഗൾഫിലും മുംബൈയിലും തമിഴ്നാട്ടിലും ബംഗളൂരുവിലും കമ്പനികളുണ്ടെന്ന് ഗുണഭോക്താക്കളെ വിശ്വസിപ്പിച്ചാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കുന്നത്.
പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിൽ നൂറിലധികം പേരാണ് മണിചെയിൻ പദ്ധതിയിൽ കണ്ണികളായത്. ഇത്തരത്തിൽ കോടികൾ സ്വരൂപിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കമ്പനിക്ക് റിലയൻസുമായി ബന്ധമുണ്ടെന്നും നിക്ഷേപിക്കുന്ന പണം ഒാഹരിവിപണിയിൽ നിക്ഷേപിച്ചാണ് കൂടുതൽ ലാഭം നൽകുന്നതെന്നുമാണ് ഗുണഭോക്താക്കളെ വിശ്വസിപ്പിക്കുന്നത്. പണം നിക്ഷേപിച്ചാൽ പത്ത് ശതമാനം ലാഭവിഹിതവും ഇയാളുടെ നിർദേശപ്രകാരം മറ്റൊരാൾ പണം നിക്ഷേപിച്ചാൽ 10 ശതമാനം കൂടുതൽ ലാഭവിഹിതവും വാഗ്ദാനമുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 18ന് സ്റ്റഡി മോജോ മാർക്കറ്റിലിറങ്ങുമെന്ന് നിക്ഷേപകരോട് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ആർക്കും ലഭിച്ചതായി അറിവില്ല. പുതുതായി മോറിസ് കോയിൻ എന്ന പദ്ധതി തുടങ്ങിയതായും പരസ്യം നൽകിയിരുന്നു. നിലവിൽ പണം നിക്ഷേപിച്ചവർക്ക് ലാഭവിഹിതമായി നല്ല തുക ലഭിക്കുന്നതിനാൽ ഇവരിലൂടെ കൂടുതൽ പേർ നിക്ഷേപിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
നിരവധി പേർ പൂക്കോട്ടുംപാടം സ്റ്റേഷനിലെത്തുന്നുണ്ടെങ്കിലും രേഖാമൂലം ആരും പരാതിപ്പെട്ടിട്ടില്ല. ഇത്തരത്തിൽ മുപ്പതോളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് ആയോടൻ, എ.എസ്.ഐ വി.കെ. പ്രദീപ്, എസ്.സി.പി.ഒ എ. ജാഫർ., സി.പി.ഒമാരായ എം.എസ്. അനീഷ്, ടി. നിബിൻദാസ്, ഇ.ജി. പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.