കോടികളുടെ നിക്ഷേപ തട്ടിപ്പ്: പ്രതി ദുബൈയിൽ
text_fieldsദുബൈ: വിവിധ സ്ഥലങ്ങളിൽ ബിസിനസ് സംരംഭം തുടങ്ങാമെന്ന് പ്രചരിപ്പിച്ച് കോടികൾ തട്ടി മുങ്ങിയ പ്രതി ദുബൈയിലെത്തിയതായി സൂചന. കോഴിക്കോട് കല്ലായി സ്വദേശി ഷുഹൈബ് ഹമീദ് (42) ആണ് ഹൈകോടതി ജാമ്യം നിരസിച്ചതിനെ തുടർന്ന് മുങ്ങിയത്. റിജിഡ് ഫുഡ്സ് എന്ന കമ്പനി തുടങ്ങി ബർഗർ ലോഞ്ച് ആരംഭിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ്.
കോഴിക്കോട്ടെ പ്രമുഖ വ്യവസായിയിൽനിന്ന് 70 ലക്ഷം രൂപയും മാത്തോട്ടം പ്രദേശത്തെയും നഗരത്തിലെയും വിവിധയാളുകളിൽനിന്ന് നാലു കോടി രൂപയും തട്ടിയെടുത്തെന്നാണ് പരാതി. 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒക്ടോബർ 13ന് ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഷുഹൈബ് ദുബൈയിലേക്ക് കടന്നത്. മാറാട് പൊലീസാണ് കേസെടുത്തിരുന്നത്. ഇയാൾക്കെതിരെ മംഗളൂരു അത്താവര ബോലാറയിലെ ‘നിസർഗ’യിൽ ടി.എം. അബ്ദുൽ വാഹിദ് പരാതി നൽകിയിരുന്നു. കോഴിക്കോട് ബീച്ചിലും മലപ്പുറം പെരിന്തൽമണ്ണയിലും ബർഗർ ലോഞ്ച് സ്ഥാപിക്കാൻ രണ്ടു തവണകളിലായി 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മേയ് 19ന് ഇയാളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാനമായി കോഴിക്കോട് മാത്തോട്ടത്തിൽ സാലിഹിൽനിന്ന് 67 ലക്ഷം രൂപയും കോഴിക്കോട് അഫ്രിനിൽനിന്ന് 80 ലക്ഷം രൂപയും വാങ്ങിയതായും പരാതിയുണ്ട്. കൂടാതെ വിവിധ തട്ടിപ്പു കേസുകളിലും ചെക്ക് കേസുകളിലും ഇയാൾ പ്രതിയാണ്.
സംയുക്ത സംരംഭം എന്ന ധാരണയിൽ ആരംഭിക്കുന്ന സ്ഥാപനത്തിനായി കൈപ്പറ്റിയ ഈ ഇടപാടുകളിലാണ് ഇപ്പോൾ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹൈകോടതി ജാമ്യം നിഷേധിച്ച അന്നുതന്നെ ഇയാൾ നാടുവിട്ടതായാണ് പൊലീസിന് ലഭിച്ച സൂചന. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. വിദേശത്തേക്ക് കടക്കാൻ ചില സുഹൃത്തുക്കളുടെ സഹായം ഇതിന് ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.