പൊതുമേഖല-കേരള ബാങ്കുകളിലെ നിക്ഷേപത്തിൽ ഇടിവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളിലെയും കേരള ബാങ്കിലെയും നിക്ഷേപത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇടിവെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (എസ്.എൽ.ബി.സി) രേഖകൾ. 2022 മാർച്ചിലെയും 2023 മാർച്ചിലെയും കണക്കുകൾ താരതമ്യം ചെയ്യുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. അതേസമയം, ഇക്കാലയളവിൽ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപത്തിൽ വർധനയുമുണ്ടായി. സംസ്ഥാനത്തെ 12 പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിക്ഷേപത്തിൽ അഞ്ചു ശതമാനം വർധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചനിരക്കിൽ ഇടിവ് പ്രകടമാണ്. 2022 മാർച്ചിൽ വളർച്ചനിരക്ക് 9.18 ശതമാനമായിരുന്നതാണ് 2023 മാർച്ചിൽ അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നത്. മൊത്തം നിക്ഷേപത്തിൽ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 2021 മാർച്ചിലെ 46.49 ശതമാനത്തിൽനിന്ന് 2023 മാർച്ചിൽ 45.49 ശതമാനമായി കുറയുകയും ചെയ്തു.
2022 മാർച്ചിനെ അപേക്ഷിച്ച് 2023 മാർച്ചിൽ കേരള ബാങ്കിലെ നിക്ഷേപത്തിൽ 1.02 ശതമാനമാണ് കുറവുവന്നത്. കഴിഞ്ഞവർഷത്തെ 69,983.47 കോടി നിക്ഷേപത്തിൽനിന്ന് ഈ വർഷം 69,271.70 കോടിയായാണ് കുറവുവന്നത്. 2021 മാർച്ചിൽ 66,731.60 കോടിയായിരുന്ന നിക്ഷേപം 4.87 ശതമാനം വർധിച്ച് 2022 മാർച്ചിൽ 69,983.47 കോടി രൂപയായി ഉയർന്നിരുന്നു. ഇതാണ് ഇക്കുറി കുറവു വന്നത്.
മൊത്തം ബാങ്ക് നിക്ഷേപത്തിൽ കേരള ബാങ്കിന്റെ വിഹിതത്തിലും ഇടിവ് വന്നു. 2021ൽ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 10 ശതമാനമായിരുന്നു (6.77 ലക്ഷം കോടി) കേരള ബാങ്കിനുണ്ടായിരുന്നത്. 2022 മാർച്ചിൽ ഇത് 9.4 ശതമാനവും ഇക്കുറി 8.7 ശതമാനവുമായാണ് താഴ്ന്നത്.
അതേസമയം, നിക്ഷേപത്തിന്റെ എത്ര ശതമാനം വായ്പയായി നൽകി എന്നത് കണക്കാക്കുന്ന ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതത്തിൽ 2.44 ശതമാനം വർധന കേരളബാങ്കിനുണ്ട്. കേരള ബാങ്കിന് നിക്ഷേപത്തിൽ ഇടിവുണ്ടാകുമ്പോഴും കേരള ബാങ്കിൽ ലയനം പൂർത്തിയാവാത്ത മലപ്പുറം ജില്ല സഹകരണ ബാങ്ക് വളർച്ചയിലാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2022ൽ 10.47 ആയിരുന്ന വളർച്ചനിരക്ക് 2023ൽ 10.79 ശതമാനമായാണ് ഉയർന്നത്.
20 ബാങ്കുകളടങ്ങുന്ന സ്വകാര്യ ബാങ്കിങ് മേഖലയുടെ നിക്ഷേപ വളർച്ച 10.78 ശതമാനമാണ്. കഴിഞ്ഞവർഷത്തെ 10.22 ശതമാനത്തിൽനിന്നാണ് ഈ മുന്നേറ്റം. 2022 മാർച്ചിലെ നിക്ഷേപം 2.91 ലക്ഷം കോടിയായിരുന്നെങ്കിൽ 2023 മാർച്ച് അവസാനത്തോടെ 3.23 ലക്ഷം കോടി രൂപയായാണ് ഉയർന്നത്.
പുതുതായി കടന്നുവന്ന ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ (എസ്.എഫ്.ബി)ക്കും നിക്ഷേപകാര്യത്തിൽ മെച്ചപ്പെട്ട പ്രകടനമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.