കേരളത്തിൽ നിക്ഷേപഭീകരത; ചെങ്കൊടിയേന്തിയവർ ഇതിന്റെ വക്താക്കളാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല -പി. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: കേരളത്തിൽ പിണറായി വിജയൻ സർക്കാറിന്‍റെ നിക്ഷേപഭീകരതയാണെന്ന് എഴുത്തുകാരൻ പി. സുരേന്ദ്രൻ. ചെങ്കൊടിയേന്തിയവർ നിക്ഷേപഭീകരതയുടെ വക്താക്കളാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും കെ റെയിൽ വിരുദ്ധ സമിതി നടത്തിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജനെ പോലുള്ള നേതാക്കൾ സ്ഥിരമായി വിമാനത്തിൽ പറക്കുമ്പോൾ താഴെയുള്ള പാവങ്ങളുടെ ഭൂമി പദ്ധതികൾക്കായി ഏറ്റെടുക്കുകയാണ്.ജനകീയ നായകർ വിമാനങ്ങളെ ആശ്രയിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന കാലമാണ്. ഇ.കെ നായനാരെപ്പോലെ കരയുന്ന മുഖ്യമന്ത്രിമാരുടെ കാലം കഴിഞ്ഞു. കണ്ണീർ പൊഴിക്കാനറിയാത്ത ഏത് ഭരണാധികാരിയെയും സുക്ഷിക്കണം. കെ. റെയിൽ സമരത്തിലുള്ളവർ വയൽക്കിളി നേതാവ് സുരേഷിനെപ്പോലെ ഒറ്റുകാരാകരുത്. കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ സ്ഥാനം കിട്ടിയപ്പോൾ കെ. റെയിൽ വിഷയത്തിലടക്കം നിലപാട് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ പദ്ധതി ഉപേക്ഷിച്ചുള്ള ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് നടന്ന കൺവെൻഷനിൽ ഷിബി എം. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ ടി.ടി. ഇസ്മായിൽ മുഖ്യപ്രഭാഷണവും ജനറൽ കൺവീനർ രാമചന്ദ്രൻ വരപ്രത്ത് സമര പ്രഖ്യാപനവും നടത്തി. പി.എം ശ്രീകുമാർ, എൻ.സി. അബൂബക്കർ, കെ.പി പ്രകാശൻ, വിജയരാഘവൻ ചേലിയ, ടി. ദാവൂദ് ആവിക്കൽ, കൗൺസിലർ മനോഹരൻ എലത്തൂർ, ദിലീപ് എലത്തൂർ, പി.എസ് സലീഷ്, ടി.സി. രാമചന്ദ്രൻ, ഫൈസൽ പള്ളിക്കണ്ടി, എം.എ. ഖയ്യും, മുസ്തഫ ഒലീവ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.