നിക്ഷേപക സംഗമം ഫെബ്രുവരിയിൽ
text_fieldsതിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം 2025 ഫെബ്രുവരി 21, 22 തീയതികളിൽ നടത്തുന്നതിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി.
സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇൻവെസ്റ്റ്‌മെന്റ് പ്രപ്പോസലുകൾ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിനും വൻകിട (50 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള) സംരംഭങ്ങൾക്കുള്ള അനുമതികൾ സമയബന്ധിതമായി നൽകുന്നതിന് നടപടികൾ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപ്പവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.
മണാലി നദിക്ക് കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രവർത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നൽകുന്നതിന് അംഗീകാരം നൽകി.
കിൻഫ്രയിലെ സർക്കാർ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാർശ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കി 2017 ജൂൺ 20 മുതൽ നടപ്പാക്കാൻ തീരുമാനിച്ചു.
വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർമാരെ നിയമിച്ചു. യുനൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് - നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് - ബി. ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - മാത്യു സി. വി. എന്നിങ്ങനെയാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.