ബ്രഹ്മഗിരിക്ക് മരണമണി; ആപ്പിലായി നിക്ഷേപകർ
text_fieldsബി.ഡി.എസിൽ പ്രതീക്ഷയർപ്പിച്ച് സി.പി.എം സഹചാരികളോ അംഗങ്ങളോ ആയ 900 വ്യക്തികളാണ് നിക്ഷേപം നടത്തിയത്. ഇതിൽ 80 ശതമാനത്തോളം വിരമിച്ച സി.പി.എം അനുഭാവികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരുമാണ്. 5000 രൂപ മുതൽ 10 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. സർക്കാർ ജീവനക്കാർ പെൻഷൻപറ്റുമ്പോൾ ലഭിച്ച സമ്പാദ്യം മുഴുവൻ പാർട്ടിയുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചവരുമുണ്ട്. സി.പി.എം അനുകൂല പ്രവാസിസംഘടനയുടെ ഭാരവാഹികൾ 1.5 കോടി രൂപ നിക്ഷേപിച്ചതായാണ് വിവരം. അഞ്ചു മുതൽ ഏഴു ശതമാനം വരെ പലിശയായിരുന്നു വാഗ്ദാനം.
നിക്ഷേപകർക്കും സഹകരണ ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 70 കോടിയിലധികം രൂപയാണ് സൊസൈറ്റി നല്‍കാനുള്ളത്. 900 പേരിൽ നിലവിൽ ബാക്കിയുള്ളത് അറുനൂറിലധികം നിക്ഷേപകരാണ്. 2019 മുതൽ മാസപ്പലിശ ലഭിക്കാതെവന്ന നിക്ഷേപകർ പത്തിരിപ്പാലത്തെ ബി.ഡി.എസ് ഹെഡ് ഓഫിസിൽ അടുത്തിടെ അതിക്രമിച്ചുകയറിയതോടെയാണ് സൊസൈറ്റിയുടെ പ്രതിസന്ധി ഇത്രമാത്രം രൂക്ഷമാണെന്ന് അറിയുന്നത്. ഇറച്ചിസംസ്കരണ പദ്ധതി താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചശേഷം നിക്ഷേപത്തുക തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് ബ്രോയിലർ കോഴി കർഷകരും സമരം നടത്തി.
നിലവിലെ പ്രതിസന്ധിയിൽ നിക്ഷേപകർക്കിടയിൽ പരിഭ്രാന്തിയുണ്ടെന്ന് ബന്ധപ്പെട്ടവർതന്നെ സമ്മതിക്കുന്നുണ്ട്. സഹകരണസംഘത്തിൽ നിക്ഷേപിച്ച പണത്തിന് സി.പി.എം ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. വിവിധ ജില്ലകളിലുള്ള വ്യക്തികളും നിരവധി സഹകരണ ബാങ്കുകൾ ഉൾപ്പെടെ 70 കോടിയോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. നിരവധി കുടുംബശ്രീ യൂനിറ്റുകളും ക്ഷീരസംഘങ്ങളും സൊസൈറ്റിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെടുന്നവർക്ക് നൽകാനോ പലിശ നൽകാനോ തയാറാവാത്തതാണ് നിക്ഷേപകരെ പ്രകോപിപ്പിക്കുന്നത്. അതേസമയം, പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനമായതിനാൽ നിക്ഷേപകരിൽ പലർക്കും മൗനംപാലിക്കേണ്ടിവരുന്നു. പാർട്ടിതലത്തിലും മറ്റും നിരന്തരം പരാതിപ്പെട്ടിട്ടും ഒരു പ്രതികരണവുമില്ലാത്തതിനെ തുടർന്നാണ് ഗത്യന്തരമില്ലാതെ കഴിഞ്ഞ ദിവസം ഏതാനും നിക്ഷേപകർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇപ്പോൾ ഇതിൽ നൂറോളം പേർ അംഗങ്ങളായിട്ടുണ്ട്. ഇവർ ചേർന്ന് വാട്സ്ആപ് കൂട്ടായ്മക്കും രൂപംനൽകിയിട്ടുണ്ട്.
നിക്ഷേപകരായ സി.പി.എം അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹികൾ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട് പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം ചുമതലപ്പെടുത്തിയതനുസരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആഴ്ചകള്‍ മുമ്പ് സൊസൈറ്റി ആസ്ഥാനത്ത് എത്തിയെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസംപകരുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. അതേസമയം, നിക്ഷേപകരിൽനിന്ന് സമാഹരിച്ച തുകക്ക് കെട്ടിടം, മാംസ സംസ്കരണശാല, 13 ഏക്കർ സ്ഥലം തുടങ്ങിയവയടക്കം 40 കോടിയിലധികം വിലയുള്ള ആസ്തിയുണ്ടെന്നാണ് മാനേജ്മെന്റ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.