നിക്ഷേപകന്റെ ആത്മഹത്യ: ഇടുക്കിയിൽ കൊമ്പുകോർത്ത് സി.പി.എമ്മും സി.പി.ഐയും
text_fieldsതൊടുപുഴ: കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ കൊമ്പുകോർത്ത് ഇടുക്കി ജില്ലയിലെ സി.പി.എമ്മും സി.പി.ഐയും. സാബു തോമസിനെ അപമാനിച്ച് എം.എം. മണി എം.എൽ.എ നടത്തിയ പരാമർശത്തിനെതിരെ ശക്തമായാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ ഇടുക്കി ജില്ല സെക്രട്ടറിയുമായ കെ.കെ. ശിവരാമൻ പ്രതികരിച്ചത്.
ശിവരാമനെ രൂക്ഷമായി വിമർശിച്ച് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് രംഗത്തുവന്നതോടെയാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെ കൊമ്പുകോർക്കൽ ഒന്നുകൂടി ശക്തമായത്.
സാബു തോമസിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നായിരുന്നു എം.എം. മണി കട്ടപ്പനയിലെ വിശദീകരണ യോഗത്തിൽ പറഞ്ഞത്. കെ.കെ. ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനമുയർത്തിയത്. ബാങ്ക് ഭരണസമിതിയുടെയും ഭരണസമിതി നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പക്വത ഇല്ലാത്ത പെരുമാറ്റമാണ് സാബു തോമസിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നായിരുന്നു ശിവരാമന്റെ കുറ്റപ്പെടുത്തൽ. സാബുവിനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇത് കേരളത്തിന് യോജിച്ചതാണോ എന്ന് പാർട്ടി ആലോചിക്കണമെന്നും എം.എം. മണി നടത്തിയ പ്രസംഗം ആത്മഹത്യ ചെയ്ത ആളെയും കുടുംബത്തെയും പിന്നെയും കൊല്ലുന്ന തരത്തിലായിപ്പോയെന്നുമായിരുന്നു ശിവരാമന്റെ എഫ്.ബി പോസ്റ്റിന്റെ ചുരുക്കം.
അതേസമയം, ശിവരാമന്റെ മാനസികനില സി.പി.ഐ പരിശോധിക്കണമെന്ന പരാമർശവുമായാണ് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് നേരിട്ടത്. ശിവരാമന്റെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും തങ്ങൾക്ക് മാർഗനിർദേശം നൽകാൻ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.