പോക്സോ കേസിൽ മാതാവിനെ ഉൾപ്പെടുത്തിയത് ഗൂഢാലോചനയെന്ന്; അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്
text_fieldsതിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്സോ നിയമപ്രകാരം മാതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയോ എന്നതടക്കം അന്വേഷിക്കും.
സംഭവത്തിൽ പൊലീസിനെതിരെ പരാതി നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. നല്‍കാത്ത വിവരങ്ങള്‍ പൊലീസ് കേസില്‍ ചേർത്തെന്നാണ് സി.ഡബ്ല്യു.സിയുടെ ആരോപണം.
മാതാവിനെ ഉടനടി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വനിത കമീഷനും രംഗത്ത് വന്നിട്ടുണ്ട്. പൊലീസ് കുറച്ചുകൂടി ജാഗ്രതയോട് കൂടി പെരുമാറേണ്ടിയിരുന്നൂവെന്ന് കമീഷന്‍ അംഗം ഷാഹിദാ കമല്‍ പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമീഷനും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പോക്സോ നിയമപ്രകാരം മാതാവിനെതിരെ കേസെടുത്ത സംഭവം ഗൂഢാലോചനയെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ട്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആവശ്യമുന്നയിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിലും രൂപവത്കരിച്ചു.
കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുമ്പാണ് പോക്സോ പ്രകാരം 13 വയസ്സുകാരൻെറ മാതാവ് അറസ്റ്റിലായത്. യുവതിയും ഭർത്താവും തമ്മിൽ കുടുംബകോടതിയിൽ വിവാഹബന്ധം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങൾ എന്നിവയിൽ കേസുകൾ നിലവിലുണ്ട്. വ്യക്തിയെ ഇല്ലാതാക്കി കേസുകളിൽനിന്നും രക്ഷപ്പെടുന്നതിനായി ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയതാണ് പോക്സോ പരാതി എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം.
ബി.എസ്.സി വിദ്യാർഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനർ ആയ വ്യക്തിയെ യുവതി പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിൽ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ട് മക്കളുടെ മാതാവുമായ സ്ത്രീയുമായി വേറെ താമസമാക്കി.
ഇതോടെയാണ് യുവതിയും ഭർത്താവും തമ്മിൽ നിയമപ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിന് മുമ്പ് തന്നെ ഭർത്താവ് പണം ആവശ്യപ്പെട്ട് യുവതിയെയും മക്കളെയും മർദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവിൽ മൂന്ന് മക്കൾ പിതാവിനൊപ്പം വിദേശത്താണ്.
2019 ഡിസംബറിൽ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവർഷത്തിനുശേഷം ചൈൽഡ് ലൈനിന് മുന്നിൽ മാതാവിനെതിരെ മൊഴി നൽകിയത്. നിലവിൽ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ മുതൽ മോശമായ രീതിയിൽ മാതാവ് പെരുമാറുന്നതായി മൊഴിയിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്.
ഈ മൊഴി പിതാവ് പറഞ്ഞു പഠിപ്പിച്ച് പറയിച്ചത് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ശാസ്ത്രീയമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയും ചെയ്തു. ഇതേ ആവശ്യമുന്നയിച്ചാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. പൊലീസുമായി സഹകരിച്ചാണ് ഇത്തരത്തിൽ വ്യാജ കേസ് ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിനെതിരെ സമരപരിപാടികൾക്ക് ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.