ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം
text_fieldsകോഴിക്കോട്: മുസ്ലിം സമൂഹത്തിൽ വിമർശനാത്മക ചിന്ത വളർന്നുവരേണ്ടതുണ്ടെന്നും ചരിത്രത്തെ ആ കണ്ണിലൂടെ വായിക്കുമ്പോഴാണ് പുതുകാലത്തിനുവേണ്ട മൂല്യങ്ങൾ കണ്ടെടുക്കാൻ സാധിക്കുകയെന്നും പ്രമുഖ അപകോളനീകരണ ചിന്തകനും ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാല അധ്യാപകനുമായ പ്രഫ. സൽമാൻ സയ്യിദ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക പ്രസാധനാലയമായ ഇസ് ലാമിക് പബ്ലിഷിങ് ഹൗസിെൻറ (ഐ.പി.എച്ച്) പ്ലാറ്റിനം ജൂബിലി ആഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ കാലഘട്ടം അവസാനിച്ച ഭൂരിഭാഗം നാടുകളിലെയും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ബുദ്ധിജീവികൾക്കും ഇപ്പോഴും കൊളോണിയൽ മനോഭാവം വിട്ടുമാറിയിട്ടില്ല. അതിനാൽ പ്രശ്നങ്ങൾക്ക് കോളനിവത്കരണ കാലഘട്ടത്തിലെ പരിഹാരം തന്നെയാണ് ഇപ്പോഴും അവർ നിർദേശിക്കുന്നത്. ഇന്ത്യചരിത്രം വായിക്കുന്നവർ മുസ്ലിംകളെ വിദേശികളായി കാണുന്ന കാഴ്ചപ്പാട് കൊണ്ടുനടക്കുന്നു. എന്നാൽ, ഇന്ത്യയെന്ന രാഷ്ട്ര സങ്കൽപം രൂപപ്പെടുന്നതിനും ആയിരം വർഷം മുമ്പ് മുസ്ലിംകൾ ഇന്ത്യയിലുള്ളവരാണെന്ന യാഥാർഥ്യം മറക്കുകയാണ്. ലോകത്തും വംശീയതയിൽ അധിഷ്ഠിതമായ ഘടനയാണ് നിലനിൽക്കുന്നത്. ഈ വരേണ്യ ഘടനയെ വിമർശനാത്മകമായി നേരിടുകയാണ് വേണ്ടത്.
മുസ്ലിംകൾ ഇസ്ലാമിക ചരിത്രത്തെ പ്രവാചകെൻറയും അനുചരന്മാരുടെയും ചരിത്രം പഠിക്കുന്നതിനപ്പുറം കൊളോണിയൽ കാലത്തിനു മുമ്പ് ആ ചരിത്രത്തിലെ മൂല്യങ്ങളെ കണ്ടെടുക്കുംവിധം വായിക്കണം. സമൂഹനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവയിൽ തെളിഞ്ഞു വരുന്നതാണ്. എന്നാൽ, മുൻഗാമികൾക്കുശേഷം വന്ന പത്ത് യുഗപുരുഷന്മാരെ പോലും പറയാൻ പ്രയാസപ്പെടുന്നത് ഇത്തരം ഒരു ചരിത്രവായന നടക്കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ അമീർ സആദതുല്ല ഹുസൈനി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡിസം 28 മുതൽ ജനുവരി 31വരെ ഐ.പി.എച്ച് ഷോറൂമുകളിൽ നടക്കുന്ന പുസ്തകമേളയുടെ ഉദ്ഘാടനം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി.ആരിഫലി നിർവഹിച്ചു. ഖുർആനോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന ഡോ.യൂസുഫുൽ ഖറദാവിയുടെ പുസ്തകം, ഖത്തർ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. അലി ഖറദാഗി പ്രകാശനം ചെയ്തു.
ഒ. അബ്ദുറഹ്മാൻ, ഡി.സി. രവി, ശൈഖ് മുഹമ്മദ് കാരകുന്ന്, പ്രഫ.വി.കാർത്തികേയൻ നായർ എന്നിവർ ആശംസ നേർന്നു. ഡോ. കൂട്ടിൽ മുഹമ്മദലി സ്വാഗതവും കെ. ടി. ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.