ഐ.പി.എച്ച് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ
text_fieldsകോഴിക്കോട്: 75 വർഷം പൂര്‍ത്തിയാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസാധനാലയമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിെൻറ (ഐ.പി.എച്ച്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. 1945ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഐ.പി.എച്ച് സ്വതന്ത്രവും വിവര്ത്തനവുമായി 830 ഗ്രന്ഥങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഖുര്‍ആന്‍, ഹദീസ്, പ്രവാചക ചരിത്രം, കര്‍മശാസ്ത്രം, ഇസ്ലാം പഠനം, ജീവചരിത്രം, യാത്രാവിവരണം, മത താരതമ്യപഠനം, സാമ്പത്തിക ശാസ്ത്രം, വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, കഥ, കവിത, നോവല്‍, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലുള്ളവയാണ് ഗ്രന്ഥങ്ങള്‍.
കോഴിക്കോട് വിദ്യാര്‍ഥി ഭവന് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം പ്രമുഖ അപകോളനീകരണ ചിന്തകനും ബ്രിട്ടനിലെ ലീഡ്സ് സര്‍വകലാശാല പ്രഫസറുമായ സല്മാന് സയ്യിദ് നിര്‍വഹിക്കും. ജൂബിലിയുടെ ഭാഗമായി ആകര്‍ഷകമായ വിലക്കിഴിവില്‍ സംഘടിപ്പിക്കുന്ന ഒരുമാസത്തെ ജൂബിലി പുസ്തകമേള ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഇസ്ലാമിക പണ്ഡിതന് ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'ഖുര്‍ആനോടുള്ള സമീപനം എങ്ങനെയായിരിക്കണം' എന്ന പുസ്തകം ഖത്തര്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ അലി ഖറദാഗി പ്രകാശനം ചെയ്യും.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. രവി ഡിസി, പ്രഫ. വി. കാര്ത്തികേയന് നായര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍ എം.ഐ. അബ്ദുല്‍ അസീസ്, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. കൂട്ടില്‍ മുഹമ്മദലി, കെ.ടി. ഹുസൈന് എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.