ഐ ഫോൺ വിവാദം: കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ച യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് നോട്ടീസ് അയക്കുന്നത് അടക്കമുള്ള നിയമനടപടി സ്വീകരിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.
സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലായിരുന്നു സ്വപ്നക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലക്ക് ലഭിച്ചതായി പറഞ്ഞത്. ഇതിന് പിന്നാലെ സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
സന്തോഷ് ഈപ്പന്‍റെ മൊഴി പുറത്തുവന്നതിന് പിന്നാലെ ചെന്നിത്തലക്കെതിരെ സി.പി.എം ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മുൻ പേഴസണൽ സ്റ്റാഫ് അംഗത്തിന് അടക്കം മൂന്നു പേർക്ക് യു.എ.ഇ കോൺസുലേറ്റിൽ നിന്ന് ഫോൺ സമ്മാനമായി കിട്ടിയതായി ചെന്നിത്തല വെളുപ്പെടുത്തിയിരുന്നു.
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവൻ അടക്കം മൂന്നു പേർക്ക് സ്മാർട്ട് ഫോൺ സമ്മാനമായി ലഭിച്ചെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. യു.എ.ഇ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കുള്ള സമ്മാനം താൻ വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം.
എന്നാൽ, ഐ ഫോണ്‍ വിവാദം പ്രചാരണത്തിന് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.