'കൊടുത്താല്‍ കൊല്ലത്തും കിട്ടും'; ബൂമറാങ്ങായി കോടിയേരിയുടെ പ്രയോഗം
text_fieldsഭാര്യ വിനോദിനി ഉൾപ്പെട്ടതോടെ ഐ ഫോൺ വിവാദത്തിൽ മുമ്പ് നടത്തിയ പരാമർശങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. യു.എ.ഇ കോൺസുലറ്റിന്‍റെ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകാനായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്‍റെ കൈയിൽ നിന്ന് ഐ ഫോൺ വാങ്ങിയെന്ന് യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഹൈകോടതിയിൽ ഉന്നയിച്ച ആരോപണം കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആരോപണങ്ങൾക്കുമാണ് വഴിവെച്ചത്. ഇതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തലക്കെതിരെ കോടിയേരി ആഞ്ഞടിച്ചിരുന്നു. "കോണ്‍സുലറ്റിൽ നിന്ന് പാരിതോഷികമായി ഐഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്ത് പറയാനുണ്ടെന്നാണ്" അന്ന് കോടിയേരി ചോദിച്ചത്. "കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും" അദ്ദേഹം ചെന്നിത്തലയെ ഓർമ്മിപ്പിച്ചു.
ആരോപണത്തിൽ സന്തോഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിച്ച ചെന്നിത്തല, മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കാണിച്ച് വക്കീൽ നോട്ടിസ് അയച്ചു. അപവാദ പ്രചരണത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് മൊഴി നൽകിയ സന്തോഷ് ഈപ്പന്‍ നിയമനടപടിയിൽ നിന്ന് തടിയൂരി. കിട്ടാത്ത ഐ ഫോണിന്‍റെ പേരിൽ തന്നെ ക്രൂശിക്കാൻ ശ്രമിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി ജനങ്ങളോട് മാപ്പു പറയണമെന്ന് ചെന്നിത്തല അന്ന് ആവശ്യപ്പെടുകയും ചെയ്തു.
കൂടാതെ, സന്തോഷ് ഈപ്പന്‍ നൽകിയ ഐഫോണുകൾ ആരാണ് നിലവിൽ ഉപയോഗിക്കുന്നതെന്ന വിവരം ചെന്നിത്തല വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ഇതിൽ ഒരു ഐഫോണിന്‍റെ വിവരങ്ങൾ വെളിപ്പെടുത്താതിരുന്ന ചെന്നിത്തല, അക്കാര്യം അന്വേഷിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
സന്തോഷ് ഈപ്പൻ ഏഴ് ഫോണുകളാണ് ആകെ വാങ്ങിയതെന്ന വിവരമാണ് മൊബൈൽ കമ്പനികൾ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, യുണിടാക് എം.ഡി. സന്തോഷ് ഈപ്പൻ, യു.എ.ഇ കോൺസൽ ജനറൽ, പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ, അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവർക്കാണ് ഫോണുകൾ ലഭിച്ചത്. ഇതിൽ കോൺസൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്ന് പരിശോധിക്കാനാണ് കസ്റ്റംസ് നീക്കം.
യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്ന വിവരം കസ്റ്റംസ് പുറത്തുവിട്ടതോടെയാണ് ചെന്നിത്തലക്കെതിരെ ഉന്നയിച്ച ആരോപണം കോടിയേരിക്കെതിരെ തിരിച്ചടിച്ചത്. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കസ്റ്റംസ്, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ വിനോദിനിക്ക് നോട്ടീസും നൽകുകയും ചെയ്തു. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് സിം കാർഡും കണ്ടെത്തിയെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, സന്തോഷ് ഈപ്പനെ വിനോദിനി ഫോണിൽ നിന്ന് വിളിച്ചിരുന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.